ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം
ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!
Follow
അഹം ?

- ധ്രുവന്
- പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം
2011, മാർച്ച് 6, ഞായറാഴ്ച
2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച
ഗംഗാലഹരി
നിരന്ന് വിശാലമായ ആകാശത്തെ നോക്കിനിൽക്കാൻ കൂട്ടാക്കാത്തത് ഒരു പക്ഷേ ഗംഗ മാത്രമാവാം.പ്രത്യേകിച്ചും, ആരതിദീപസ്തംഭങ്ങളിൽ നിന്നും നേർത്തുയരുന്ന ധൂമാവലികൾക്കു കൂടി പ്രിയകാന്തയായ സന്ധ്യക്ക് സൂര്യൻ ചാർത്തിപ്പോയ അംഗരാഗത്തിന്റെ ചെന്താരൊളി പകർന്നു കിട്ടുന്ന ഈ രമണീയ വേളയിൽപ്പോലും, അവളിൽ കണ്ട ഭാവമില്ല.എന്ന് തുടങ്ങിയതാണീ യാത്ര? ജടാമകുടത്തിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും പാഞ്ഞുപോകുന്നത് ആരുടെ പാദം പുൽകാനാണെന്ന് കേട്ടിട്ടുണ്ട്, അതല്ല തീർത്ഥമായിത്തീർന്നതിനു ശേഷമത്രേ മഞ്ഞണിഞ്ഞ ആ ഉത്തമാംഗത്തിൽ വന്ന് പാർപ്പുതുടങ്ങിയതെന്നും..! അകിട് നിറഞ്ഞു മുറ്റിയ സുരഭിയെപ്പോലെ പാവനത്വം പാരിലെങ്ങുമൊഴുക്കാൻ വെമ്പൽ പൂണ്ടുള്ള ഈ പാച്ചിലിൽ കണ്ടില്ലെന്ന് നടിക്കുകയല്ല, കാണാതിരിക്കലാണ് ധർമ്മം.
മഞ്ഞിന്റെ ആത്മാവിനെ ദൂരദൂരങ്ങളിൽ പോലും കൈവെടിയാതെ, തന്റെ അരയെ ചുറ്റിയൊഴുകുന്ന ഭാഗീരഥിയിൽ നിന്നും ഒരു കുടന്ന തീർത്ഥമെടുത്ത് ജഗന്നാഥൻ ചക്രവാളത്തിന്റെ അധിപനിൽ കണ്ണും മനവും നട്ടു.വിറയില്ലാത്ത വിരലുകൾക്കിടയിലൂടെ ബ്രഹ്മാണ്ഡങ്ങൾക്കപ്പുറത്തൊരു ഭൂമികയെ ന്യസിച്ചുകൊണ്ട് തുള്ളികൾ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു.
“ദേവം തർപ്പയാമി..!’’
ആകാശത്തിന്റെ കാണാവരമ്പുകൾക്കുമപ്പുറം ഭവാന്മാർ അനുഭവിച്ചിരുന്ന ഈ അമൃതസ്പർശത്തെ സുകൃതാതിരേകം കൊണ്ട് മാത്രം ഉപാസിക്കുന്ന ഈ അല്പൻ, ന്യാസത്തിന് ശുൽക്കം നൽകും കണക്കെ മഹാസങ്കല്പഗർഭമായ പ്രപഞ്ചം മുഴുവനുൾക്കൊള്ളുന്ന ഒരു തുടം , ഇതാ ഈ പ്രവാഹത്തിൽ നിന്നടർത്തിയെടുത്ത് നിങ്ങൾക്കായ് തന്നെ തർപ്പിക്കുന്നു..!
“ദേവഗണാൻ തർപ്പയാമി ’’
ഗണങ്ങളും ഗാണാധിപന്മാരും ഇവളുടെ ഒരു തുള്ളിയോട് ജന്മാന്തരങ്ങളായി കടപ്പെട്ടവരാണെന്നും ഞാനറിയുന്നു. എന്റെ കൂടെപ്പിറപ്പുകളെ..! അമ്മയുടെ സ്നേഹത്തിൽ നിന്നും ഒരടരെടുത്ത് ഞാനിതാ തർപ്പിക്കുന്നു.
“ഋഷിം തർപ്പയാമി”
പ്രതിഭയുടെ പ്രകാശത്തിലാണ് കാതമിത്രയും നടന്നു തീർത്തത്. അതൊരു മാറ്റൊലിത്തെളിച്ചം മാത്രമാണെന്ന് തിരിച്ചറിയുമ്പോഴാണ് പിടിച്ചു നടത്തിയ മഹാഹസ്തത്തെ കണാനാകുക.അതാദ്യം കണ്ടവർ, കാണിച്ചു തന്നവർ, കാലാതിവർത്തികൾ നിങ്ങൾ….സ്വീകരിച്ചാലും..!
“ഋഷിഗണാൻ തർപ്പയാമി”
ആധിഭൌതികവും ആധിദൈവികവും ആധ്യാത്മികവുമായ സിദ്ധികൾക്ക് നിദാനങ്ങളായ അറിവിന്റെ വിഭൂതികൾക്ക് ഇന്നും തിരികൊളുത്തുന്നുണ്ട്, ഹിമഗിരിശൃംഗങ്ങളിലെ ജ്യോതിഷ്മതികളുടെ തൂവെളിച്ചത്തിൻ ചാരെ താരാപഥങ്ങളിൽ കണ്ണും നട്ടിരിക്കുന്ന മഹർഷികളുടെ ജ്വലിക്കുന്ന നയനഗോളങ്ങളിൽ..!എത്രയെത്ര സിദ്ധികൾ, എത്രയെത്ര ശാഖകൾ, എത്ര രസങ്ങൾ… അഗണ്യം, അചിന്ത്യം. സമസ്ത ഋഷിഗണങ്ങളുടെയും പദപദ്മങ്ങളിൽ ഇതാ ഇവന്റെ പ്രണാമം.!
പാദങ്ങളിൽ ഗംഗയുടെ സ്പർശമനുഭവിച്ചുംകൊണ്ട്, ഉപരിലോകങ്ങളെ ചവിട്ടിക്കയറുന്ന മഹാമന്ത്രത്തിന്റെ മാത്രകളിൽ ജഗന്നാഥൻ പടികളിൽ വിനാഴികകൾ നിന്നു. കാശിയുടെ സന്ധ്യകളിൽ നിറഞ്ഞു പതയുന്ന അത്മീയതയുടെ ധ്വനിവൈവിധ്യങ്ങളെ കുറെയൊക്കെ ദൂരത്തു നിർത്തുന്ന മണികർണ്ണികാഘട്ടും കടന്നു നീളുന്ന ഗംഗയുടെ തീരത്തെ വേദികളിൽ ഏഴു വട്ടം ആത്മപ്രദക്ഷിണം ചെയ്ത് നടുവിരൽ കൊണ്ട് ഭൂമിയെന്ന മൂലത്തിനും സഹസ്രാരമെന്ന ശീർഷത്തിനും നാഭീനാളബന്ധം തീർത്തു. ഉത്തരീയം കുടഞ്ഞു തോളിൽ വിരിച്ച് ജഗന്നാഥൻ മറുകരയിലേക്ക് നോക്കി. ഗംഗയിലിപ്പോൾ താരാപഥങ്ങളുടെ വെളിച്ചം ഓളം തള്ളി നിൽപ്പതു കാണാം. ഇരുട്ടിനു മറയ്ക്കാനാവാത്ത ഗംഗ. നെടുനീളം പണിതീർത്തിരിക്കുന്ന പടികളിൽ ദീപസ്തംഭങ്ങൾ നൽകുന്ന വെളിച്ചത്തിലൂടെ കയ്യിൽ ശൈശവം പിന്നിടുന്ന നക്ഷത്രങ്ങളെ എടുത്തുംകൊണ്ടെന്ന പോലെ താളപത്രം കൊണ്ട് നെയ്ത പൂത്താലങ്ങളിൽ കത്തിച്ച ചെരാതുമായി ജനങ്ങൾ തിങ്ങി നിൽക്കുന്നു. ദേശാടകർ, തീർത്ഥാടകർ, യാത്രികൾ, കുതുകികൾ.. എത്രയെത്ര വിഭാഗങ്ങൾ! കാഷായവും കറുപ്പും വെളുപ്പും വർണ്ണാന്തരങ്ങളും എല്ലാം ഈ ധാരയുടെ പ്രപഞ്ചത്തിലേക്ക് വീഴാൻ വെമ്പുന്ന ശിശുക്കളെപ്പോലെ .. തമ്മിലറിയാതെ, തന്നെയറിയാതെ, ‘ഗംഗാമയ്യാ‘ എന്ന ഒരേ വികാരത്തിൽ മുഴുകിയാടുന്നു. ഡോലക്കുകളും കൈമണികളും ചിലങ്കകളും നിർത്താതെ പാടുന്നു. ശീർഷങ്ങൾക്ക് മേൽ ഉടുക്ക് കെട്ടിയ ശൂലങ്ങളും വേലുകളും ഉയർന്നും താഴ്ന്നും താളമിടുന്നു. ആരതി വിളക്കുകൾ വൃത്തത്തിലും നീളത്തിലും ഇടത്തും വലത്തും ചിത്രങ്ങൾ തീർത്ത് ഭജനയ്ക്ക് ചാരുതയേകുന്നു.
എത്രയെത്ര ആശ്രമങ്ങളുണ്ടിവിടെ.. എത്രയോ ക്ഷേത്രങ്ങളുണ്ടിവിടെ.. എല്ലാം ഏതാണ്ട് ശൂന്യമാകും ഈ സന്ധ്യകളിൽ. കാശി വാഴും വിശ്വനാഥൻ പോലും തന്റെ ആശ്രിതയ്ക്ക് ഭക്തർ ചാർത്തുന്ന സാന്ധ്യശോഭ നുകരാൻ ശ്രീലകം വിട്ടെഴുന്നള്ളും. പിന്നെയല്ലേ മറ്റുള്ളവർ.! എന്നിട്ടും ഒന്നും കാണാൻ നിൽക്കാതെയൊഴുകുന്ന ഗംഗ, എന്നാൽ ഒന്നും നിരസിക്കാത്ത ഗംഗ. ഭൂമിയിൽ ഒരേയൊരത്ഭുതമേ ഉള്ളൂ. അതു നീയാണ്. നീ മാത്രം.!
കൂപ്പിയ കൈകളുമായി ജഗന്നാഥൻ തിരിഞ്ഞു. പടികൾക്ക് മേലെ വരമ്പു നെയ്തുണ്ടാക്കിയ വലിയ ഛത്തരികളിലൊന്നിൻ കീഴെ ഗംഗയിൽ നിന്നുള്ള കുളിർകാറ്റിൽ ആ വെണ്ണക്കൽ രൂപത്തിന്റെ പട്ടുചേലാഞ്ചലത്തിലെ ഞൊറികൾ ശാന്തമായി ഇളകുന്നുണ്ട്. അലുക്കുകളിൽ മിന്നി മറയുന്ന മഞ്ഞവെളിച്ചത്തിന്റെ കാന്തിയും നോക്കി ജഗന്നാഥൻ പടികൾ കയറി വന്നു. ഒരു അഭൌമ സാന്നിധ്യത്തിന്റെ വൈകാരികതയനുഭവിച്ച് അകലം പാലിക്കാതെ ഇടതുഭാഗം ചേർന്നിരുന്നു. ജോധ്പൂരിന്റെ കലാവൈദഗ്ധ്യം വഴിഞ്ഞൊഴുകുന്ന ഘാഗ്രാ ചോലിയും ഗോധ്നിയുമൊന്നും ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും ഒളിമങ്ങാതെ നിൽക്കുന്നുണ്ട്. ഘൂമറും ഭംഗ്രയും ലാവണിയും ദണ്ഡിയയും ഒക്കെ ഏഴും ഏഴേഴും ചേർന്ന വർണ്ണങ്ങളിൽ ചോലിയാകെ വരഞ്ഞിരിക്കുന്നു.ഈ വശ്യസുന്ദര മേനിക്ക് അന്തപ്പുരത്തിന്റെ മോടിക്ക് ചേരാത്ത എന്തു വസ്ത്രമാണ് നൽകുക എന്നതാണ് ആ ദിവസങ്ങളിലൊക്കെ തന്നെ കുഴപ്പിച്ച സങ്കടം. സാരംഗൻ കൊണ്ടു വന്ന അവന്റെ പെങ്ങളുടെ വസനത്തിലാണ് ഈ സ്വത്ത് വിശ്രമവേളകൾ കണ്ടെത്തിയത്. മാത്രവുമല്ല…. ഇതൊക്കെ ചക്രവർത്തിക്ക് വേണ്ടി മാത്രം നെയ്ത് നൽകുന്നതാണ് താനും. ആസ്ഥാനകവിക്ക് ഇതുകൊണ്ട് എന്താവശ്യം?
പടികളിൽ അലസമായി പരന്നു കിടക്കുന്ന ഗോധ്നി അവളുടെ സ്പർശം കിട്ടുന്നിടത്തൊക്കെയും ചേർന്നുകിടക്കുന്നുണ്ട്. മാർദ്ദവത്തിന്റെ മൂർത്തരൂപമായ കരതലങ്ങൾ രണ്ടും ഇടത്തേക്ക് ചെരിച്ചു മടക്കി വെച്ചിരിക്കുന്ന കാലുകളിലൊന്നിൻമേൽ പള്ളികൊള്ളുന്നു. വിരലുകളിലെ വൈരക്കൽ മോതിരങ്ങളിൽ ദീപപ്രഭ മിന്നി മറയുന്നു. മൈലാഞ്ചിയിൽ തീർത്ത മുഗ്ധരൂപങ്ങൾ ആ നുറുങ്ങുവെട്ടത്തിൽ തെളിഞ്ഞു ലസിക്കുന്നു.കങ്കണങ്ങൾ നിശ്ശബ്ദമായി ചെരിഞ്ഞുറങ്ങുന്നു.
ശിരസ്സിലൂടെ ഊർന്ന് തുടുത്തു മുറ്റിയ കവിളുകളെ തഴുകി മുഖം മറച്ചെന്നവണ്ണം ഇളകുന്ന നേർത്ത് കോമളമായ തട്ടത്തിനിടയിലൂടെ ജഗന്നാഥൻ ആ കണ്ണുകളിലേക്ക് നോക്കി.അവയിലെന്താണെന്നുള്ളത് വർഷങ്ങൾ പിന്നിട്ടിട്ടും തന്നെ അദ്ഭുതപ്പെടുത്തുന്നു.സൌരയൂഥമോ താരാവലിയോ ആകാശഗംഗകളോ അതോ അനന്തശായി യോഗനിദ്ര കൊള്ളുന്ന ക്ഷീരസാഗരമോ, അതുമല്ല ദേവാംഗനകൾക്ക് നീരാടാൻ വരുണൻ തീർത്തുകൊടുത്ത വിശിഷ്ടോദധിയോ? ഇപ്പോൾ അവ ഗംഗയുടെ മറുകരയെയാകമാനം ഉൾക്കൊള്ളുകയാണ്. ഉയർന്നു കേൾക്കുന്ന ഭാഗീരഥീ സ്തുതികൾ ആരതിവേളയായെന്നോർമ്മിപ്പിക്കുന്നുണ്ട്. ആളൊപ്പം ഉയരമുള്ള ആരതിത്തട്ടങ്ങൾ ഗംഗാപ്രവാഹത്തെ ഉഴിഞ്ഞുതുടങ്ങുകയായി. ഒരു പുഞ്ചിരി വിടരും പോലെ, ഒരു പൊൻതാരകം മേഘച്ചാർത്തിൽ നിന്നും പുറത്ത് വരും പോലെ, ഉദയശോഭയെ പകർന്നെടുത്ത സൂര്യകാന്തിയെപ്പോലെ……! ആയിരമായിരം കൈകളിൽ നിന്നും കുഞ്ഞുനാളങ്ങൾ തിളങ്ങുന്ന പൂത്താലങ്ങൾ ഗംഗയിലേക്കിറങ്ങി. താരാപഥങ്ങളിൽ നിന്നും ദേവന്മാർ നക്ഷത്രാർച്ചന ചെയ്ത വണ്ണം ഗംഗയെയാകെ ദീപമാലയണീയിച്ച് അവയൊഴുകി നീങ്ങുന്നു.
കോടി കോടി പുഷ്പങ്ങൾ ഗംഗയിൽ ആത്മാർച്ചന ചെയ്ത് പരമപദമണയുന്നു. പൂവൊഴുകുന്നോ? പുലരിയോഴുകുന്നോ?
ഇക്കാഴ്ച്ചയത്രയും ജഗന്നാഥൻ കണ്ടത് അവളുടെ കണ്ണുകളിലാണ്. എന്തുകൊണ്ടോ അതാണ് സാക്ഷാദ്ദർശനത്തെക്കാൾ ആനന്ദകരമായിത്തോന്നിയത്. അത് വ്യക്തതയുടെയല്ല, നിറങ്ങളുടെയുമല്ല.കൌതുകം മുറ്റി വിടർന്നു മിന്നുന്ന കൺപീലികൾക്കിടയിൽ ലോലലോലമായ ആ നീലക്കണ്ണുകൾക്ക് അനിർവ്വാച്യമായ മറ്റെന്തോ ശക്തിയുണ്ട്. പ്രതിബിംബത്തിന് വസ്തുവിനേക്കാൾ ആകർഷണീയത പകരുന്ന എന്തോ ഒന്ന്. അനുഭൂതിയുടെ വിസ്മയഭൂമിയിലേക്ക് പടർന്നു കയറിയ ജഗന്നാഥന്റെ മൌനവും അവയിൽ അലിഞ്ഞ് പോയി. ജീവിതത്തിലാദ്യമായി ആ പേരുച്ചരിച്ച വികാരവായ്പ്പിൽ കാലങ്ങൾക്കിപ്പുറം ഒരു വട്ടം കൂടി….
“ ജഹനാരാ..! ”
ജഹൻ ആരാ. പ്രപഞ്ചത്തിന്റെ മഹാരാജ്ഞി. ജഗന്നാഥന്റെ വൈഖരിയിൽ ആ പേരിനോടുള്ള എല്ലാ ന്യായങ്ങളും പാലിക്കപ്പെട്ടു.
ഗംഗയുടെ പ്രവാഹത്തെ അനവരതം ആലിംഗനം ചെയ്തിരുന്ന അവളുടെ കണ്ണുകൾ അപ്രതീക്ഷിതമായി ഒന്നുലഞ്ഞുപോയി.കാതിൽ വന്നു തഴുകിയ ആ മുഗ്ധസ്വരത്തിന്റെ ബോധത്തിൽ തട്ടം ഒന്നുകൂടി വലിച്ചു താഴ്ത്തി അവൾ ശിരസ്സു കുനിച്ചിരുന്നു. എങ്കിലും കടക്കണ്ണിലൂടെ ഗംഗയുടെ മാറിൽ പടരുന്ന മാല്യദീപ്തി നിർവ്വിഘ്നം വന്നണഞ്ഞുകൊണ്ടിരുന്നു. തട്ടത്തിന്റെ നേർപ്പിലൂടെ ജഗന്നാഥൻ ആ കണ്ണുകളിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു.
“ ബീഗം..! നീ ഇക്കാഴ്ച്ച മുൻപ് കണ്ടിട്ടുണ്ടോ?”
ജഹനാര വിടർന്ന കണ്ണുകളിൽക്കൂടി ഗംഗയെ വീണ്ടും നോക്കി. ഇല്ലേ? ഉവ്വ്! ഞാൻ കണ്ടിട്ടുണ്ട്. വരച്ചിട്ടുമുണ്ട്. വരച്ചു കാണിച്ചു തരുമ്പോൾ കാണാതിരിപ്പതെങ്ങിനെ?
“നല്ല ചോദ്യം. അക്ബർ ചക്രവർത്തിയുടെ പൌത്രി, ഷാ-ജഹാന്റെ പുത്രി. ഗംഗാ ആരതി കണ്ടിട്ടുണ്ടോ എന്ന്.! ഉവ്വ് പ്രഭോ. എത്രയോ വട്ടം. എന്റെ കൈകൾക്ക് താങ്ങുവാനാകാത്ത ആ ആരതിത്തട്ടങ്ങളെടുത്ത് ഞാൻ എത്രയെത്ര തവണ ഈ അമൃതവാഹിനിയെ ഉഴിഞ്ഞിട്ടുണ്ടെന്നോ.! സംശയിക്കുന്നുവെങ്കിൽ ഈ പ്രവാഹത്തോടു തന്നെ ചോദിച്ചാലും.!
ജഗന്നാഥനു സംശയമുണ്ടാവേണ്ടതില്ല. താൻ തന്നെ സഭാമണ്ഡപങ്ങളിലെ ചർച്ചാ വേളകളിൽ ഗംഗയുടെ അനവദ്യരമണീയതയെ വർണ്ണിച്ചിരുന്നു. ആസ്ഥാനകവിയുടെ വർണ്ണനങ്ങൾക്ക് ചക്രവർത്തി സാകൂതം ചെവി കൊടുക്കാറുണ്ട്. എന്നും. പിതാവിന്റെ അടുത്ത് നമ്രമുഖിയായി നില്ക്കുന്ന ജഹനാരയുടെ കണ്ണുകൾ തന്റെ വാക്കുകൾക്കൊപ്പം പാറിക്കളിക്കുന്നത് അന്നേ ശ്രദ്ധിച്ചിരുന്നു. ദാരയെ കാവ്യമീമാംസയും സംസ്കൃതവും പഠിക്കാൻ തന്റെയൊപ്പം ചക്രവർത്തി പറഞ്ഞയക്കുന്ന വേളകളിൽ സഹോദരനു കൂട്ട് വരുമ്പോഴും, തുടർന്ന് പ്രകൃതിപ്രത്യയങ്ങൾക്കും വാഗർത്ഥങ്ങൾക്കും തമ്മിലുള്ള അവിശ്ലേഷ്യബന്ധം മനസ്സിലാക്കുമ്പോഴും, തന്റെ വാക്കുകളിലെ അർത്ഥാന്തരങ്ങളെ ഇവൾ സ്വീകരിച്ചിരുന്ന വിധം തിരിച്ചറിയുമ്പോഴും, കാവ്യങ്ങളിലെ ശിവശക്തിസങ്കൽപ്പത്തിൽ മനസ്സുടക്കി നിന്ന് വ്യാഖ്യാനങ്ങൾ ആവശ്യപ്പെട്ടപ്പോഴും, സദസ്സിൽ കവിത ചൊല്ലുമ്പോഴും വാദങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോഴും അനന്തനീലിമയാർന്ന കണ്ണുകൾ തന്നിൽ നിന്നെടുത്തുമാറ്റാൻ അവൾ തെല്ലും യത്നിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോഴും, സ്വയമെഴുതിയ കാവ്യങ്ങളിൽ ഏതോ അലൌകിക ബന്ധത്തിലേക്ക് താൻ അവളോടൊപ്പം വലിച്ചു ചേർക്കപ്പെടുന്ന വ്യംഗ്യങ്ങൾ അതിവിദഗ്ധമാം വണ്ണം സംയോജിപ്പിക്കുന്നതിൽ അവൾ കാണിച്ച പാടവം കണ്ട് മതി മറന്നപ്പോഴുമൊക്കെ ജഹനാര എന്ന ആ രാജകുമാരിക്ക് സ്വയം വരയാനുള്ള ഒരു തൂലികയാണ് താനെന്ന് അനുഭവിച്ചിട്ടുണ്ട് ജഗന്നാഥൻ.!
ദാരയെ മിടുമിടുക്കനാക്കുന്നതിൽ ജഹനാര ചെയ്ത പ്രയത്നം അവളെയും ഒരു വിദുഷിയാക്കി തീർത്തു.കാവ്യമെന്നോ ശാസ്ത്രമെന്നോ വേർതിരിവുകളില്ലാതെ കൊട്ടാരം പണ്ഡിതന്മാർക്കൊപ്പമിരുന്ന് ചർച്ചകളിൽ സജീവ സാന്നിധ്യമായി.ജഗന്നാഥന്റെ ഉപാസനാഗ്രന്ഥങ്ങളൊക്കെ പ്രത്യേകം പഠിച്ച് പേർഷ്യനിലേക്ക് മൊഴി മാറ്റം ചെയ്തു.സദസ്സുകൾ കണ്ണിൽ കണ്ണും നട്ടിരുന്ന് മൌനത്തിലൂടെ വാചാലതയെ പുൽകാനുള്ള വേദികളായി മാറി.സാവധാനം അന്ത:പുരങ്ങളിലും സഭാമന്ദിരങ്ങളിലും ജഹനാരയുടെയും ജഗന്നാഥന്റെയും പേരുകൾ രണ്ടു വിധത്തിൽ ചേർക്കപ്പെട്ടു. സത്വേതരഗുണങ്ങൾക്ക് ബുദ്ധി തീറെഴുതിക്കൊടുക്കാത്തവർക്ക് അവരിരുവരും ഗാർഗ്ഗിയും യാജ്ഞവൽക്യനുമായി.വേരില്ലാത്ത കൌതുകം കൊണ്ടുനടക്കുന്നവർക്ക് അവർ കാമനും രതിയുമായി.
ചക്രവർത്തിയുടെ കാതിൽ ഇതെത്തിയിരുന്നോ എന്നറിയില്ല.അദ്ദേഹം ചോദിക്കുകയോ പറയുകയോ ചെയ്തില്ല.മൂവരും മാത്രം ഉണ്ടായിരുന്ന വേളകളിൽ പോലും അകലങ്ങളിലേക്ക് കണ്ണും നട്ടാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അതിന്റെ ലക്ഷ്യം മനസ്സിലാക്കിയാൽ നിശ്ചയമായും സംശയാലുവായിരുന്നു ചക്രവർത്തിയെന്ന് ഊഹിച്ചതാണ്. പക്ഷേ പ്രതിക്രിയകൾ യാതൊന്നും ഉണ്ടാകാത്തത് ഉത്കണ്ഠ വളർത്തി.പുരോഹിതരും സൂഫിമാരും നിരന്തരം സന്ദർശിക്കുന്ന അകത്തളങ്ങളിൽ ഇടതടവില്ലാതെ ഒഴുകിയിരുന്നത് കാളിദാസകാവ്യങ്ങളും ഗസലും തത്ത്വശാസ്ത്രവുമൊക്കെയാണ്.അകറ്റേണ്ടവനെ വീണ്ടും വീണ്ടും ചേർത്ത് നിർത്താൻ കാരണം ഇതൊക്കെയാവാം.
പക്ഷേ മുംതാസിന്റെ മരണവും ഔറംഗസീബിന്റെ ആഗമനവും വേരടർത്തിമാറ്റിയ ഒരു കാലത്തിന്റെ ആരംഭമായിരുന്നു. ഇറക്കിവിടുന്നതിനും മുൻപേ പോരാൻ തുനിഞ്ഞ തന്നെ തടഞ്ഞത് അന്നും ഈ നീലക്കണ്ണുകളായിരുന്നു. നനഞ്ഞ നീലക്കണ്ണുകൾ. ആശ്രയം നഷ്ടപ്പെട്ട നീലക്കണ്ണുകൾ, ഇമവെട്ടാൻ മടിച്ച നീലക്കണ്ണുകൾ.! പ്രത്യക്ഷത്തിലുള്ള എല്ലാ ബൌദ്ധികവ്യാപാരങ്ങളും രാജധാനിയിൽ പതിയെപ്പതിയെ ഇല്ലാതായി. എങ്കിലും ആ നീലക്കണ്ണുകൾക്കായി താൻ മാത്രം അവിടെ ക്ഷമിച്ചു നിന്നു. ജഹനാര അവളുടെ പേരിന്റെ അർത്ഥം സഫലമാക്കിയ കുറേ നാളുകൾക്ക് അങ്ങനെ സാക്ഷ്യം വഹിക്കാനായി. ആശയങ്ങളിലും അവകാശങ്ങളിലും അവൾ കൂടെപ്പിറപ്പിനോട് പട വെട്ടി.സൂക്ഷിക്കേണ്ടതൊക്കെത്തന്നെയും സംരക്ഷിച്ചു. നേടേണ്ടതിൽ നല്ലൊരു ഭാഗം നേടി. ഇനിയും ആ നീലക്കണ്ണുകൾക്ക് ഒരു ഭാരമാവാൻ നിന്നു കൊടുക്കുന്നത് അസഹ്യമായപ്പോൾ ജഗന്നാഥൻ ഭാണ്ഡം മുറുക്കി. നിലാവിന്റെ വെട്ടം ലുബ്ധില്ലാതെ പരന്നൊഴുകിയ ആ രാജവീഥികളിലേക്ക് നഗ്നപാദനായി കടക്കുമ്പോൾ തിരിഞ്ഞു നോക്കിയില്ല. സാരംഗന്റെ ഗൃഹവും കടന്ന് പോയി. അവനെ ഇനിയും ചിലതുകൂടി പഠിപ്പിക്കുവാനുണ്ട്. ആ നാളിക മുറിഞ്ഞിട്ടില്ലായെങ്കിൽ അവൻ വരും. ഈ ഭൂമിയുടെ ഏതു കോണിലും ഒരു പർണ്ണശാല തീർത്തു സഹായിക്കാൻ.
ഹിമഗിരിനിരകളിൽ ആവോളം അലഞ്ഞു നടന്നു. മതി വരാതെ ധാമങ്ങൾ നാലും പലതവണ ദർശിച്ചു. ദേവദാരുമരങ്ങൾക്കിടയിൽ മഞ്ഞിന്റെ കംബളമണിഞ്ഞ പാതകളിലൂടെ പകലന്തിയോളം നടന്ന് പൂർവ്വസൂരികളുടെ കാലടികൾ തേടി. ഗുഹകളിലും ആശ്രമങ്ങളിലും ഭീതിദങ്ങളും വാത്സല്യധാമങ്ങളുമായ പാറക്കെട്ടുകളുടെ വിള്ളലുകളിലും അളകനന്ദയുടെയും ഭാഗീരഥിയുടെയും തടങ്ങളിലും സന്ന്യസ്തരെയും യോഗികളെയും പൂജിച്ചു. വിശ്വമഹാസങ്കേതത്തിലെ തന്റെ അസ്തിത്വം അനുഭവിച്ചു നടന്ന് കൈലാസശിഖരത്തിലെത്തി. കലാധരന്റെ പാദങ്ങൾ പള്ളികൊള്ളുന്ന ആ ഗിരിവര്യന്റെ അടിമലർ തൊട്ടുവന്ദിച്ചു. മാനസസരസ്സിൽ ദേവർഷിപിതൃക്കൾക്ക് തർപ്പണം ചെയ്തു. ധ്യാനലീനതയിൽ ദിനരാത്രങ്ങളനവധി കടന്നുപോയി. ഏതോ വെൺപ്രഭാതത്തിൽ പിന്നിട്ട വഴികളിലേക്ക് തിരികെയിറങ്ങുമ്പോൾ ബദരിയിൽ സാരംഗൻ കാത്തിരിപ്പുണ്ടായിരുന്നു. ജഗന്നാഥൻ വഴികളിലവശേഷിപ്പിക്കുന്ന കാവ്യസുഗന്ധം തിരിച്ചറിയാൻ സാരംഗൻ പണ്ടേ പഠിച്ചിട്ടുണ്ട്. എന്തേ ഒരു തേടി വരവിന് കാരണം എന്നന്വേഷിച്ചപ്പോൾ ഉടനെ പുറപ്പെടണം എന്നു മാത്രമേ അവൻ പറഞ്ഞുള്ളൂ. അവന്റെ വാക്കുകളിൽ എവിടെയോ ഒരു മുദ്രാംഗുലീയം നിഴലിക്കുന്നുണ്ടായിരുന്നു.
അളകനന്ദയുടെ തീരത്തുകൂടി പ്രയാഗകൾ പിന്നിട്ട് ഋഷികേശിലെത്തി.
ഹോമകുണ്ഡങ്ങൾ അണയാത്ത ആശ്രമവാടങ്ങൾ മഞ്ഞിനെ കാഷായം ധരിപ്പിക്കുന്ന സ്ഥാനം.ഹൃഷീകങ്ങളുടെ ഈശ്വരന്റെ ഉപാസനാലോകമായ പരംതപാശ്രമത്തിന്റെ പടികടന്നപ്പോൾ തന്നെ മനസ്സിനൊരു കുളിർമ്മയനുഭവപ്പെട്ടു. പക്ഷേ അത് അത്മീയതയുടെ സൌന്ദര്യാനുഭൂതിയിൽ നിന്നുണ്ടായതാണോ എന്ന് സംശയിച്ചിരുന്നു. ആശ്രമത്തിന്റെ അന്തരീക്ഷങ്ങളിൽ ഹൃദയത്തിന് ചഞ്ചലതയുണ്ടാവാൻ പാടില്ലാത്തതായിരുന്നു. പക്ഷേ അതു വല്ലാതെ തുടിച്ചു. ഹോമധൂമങ്ങളുടെയും ധൂപക്കൂട്ടുകളുടെയും ഗന്ധത്തിനൊപ്പം ചമ്പകവും മല്ലികയും അവിടെ സാന്നിധ്യമറിയിക്കുന്നുണ്ടായിരുന്നു. അകത്തേക്കു കടക്കുമ്പോൾ സാരംഗന്റെ മുഖം സന്തോഷം കൊണ്ട് കുനിഞ്ഞിരുന്നു. ശൃംഗാരാദി രസങ്ങളുടെ വൈകാരിക ലോകത്തെ പുൽകിയവനെ വികാരഗ്രന്ഥികളെ പൊട്ടിച്ചു കളയുന്ന ശാസ്ത്രജ്ഞാനത്തിന്റെ ഉപാസകർ സ്വീകരിച്ചിരുത്തുമ്പോഴും നഷ്ടപ്പെട്ടതെന്തോ തിരികെ കിട്ടിയതു പോലെ തോന്നി. എല്ലാ രസങ്ങളും അവസാനിക്കുന്നത് ശാന്തത്തിലാണല്ലോ. അങ്ങനെയല്ലെങ്കിൽ കാവ്യത്തിനെന്തു പ്രയോജനം? പുഞ്ചിരി മായാത്ത മുഖത്തു നോക്കി ആശ്രമാധിപതിയോട് വളരെയേറെ സംസാരിച്ചു. വാക്കുകളിൽ വിനയം കൈ വിടാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. ഔദ്ധത്യം കാണിക്കേണ്ട ഇടമല്ല ഇതെന്ന ഉത്തമമായ ബോധ്യം കൈമുതലുണ്ട്.
അസ്തമനത്തിനും ഉപാസനകൾക്കും ശേഷം അവിടെ നിന്നും അദ്ദേഹം ഗംഗയുടെ കരയിലെ മറ്റൊരു പർണ്ണശാലയിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോയപ്പോൾ ശ്രദ്ധിച്ചതെല്ലാം നന്നായെന്നുറപ്പിക്കുകയായിരുന്നു. ഒറ്റയ്ക്കു നിന്നിരുന്ന ആ പർണ്ണശാലയുടെ പുറത്തു നിന്നപ്പോൾ ശബ്ദമുയരാതെ ആമ്നായവാദം നടക്കുന്നത് കേൾക്കാം. സ്ത്രീകളാണ്. ഉള്ളിലേക്ക് കടന്നയുടനെ അത് നിലച്ചു. ഗുരുവര്യനെ കണ്ടെഴുന്നേറ്റ മാതാക്കൾ അദ്ദേഹത്തോടൊപ്പം ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ആ കാഷായ വസ്ത്രങ്ങൾ ഒഴിഞ്ഞു പോകുന്ന മുറയ്ക്ക് തൂക്കുവീളക്കിന്റെ മങ്ങിയ വെട്ടത്തിൽ ഒരു പാർശ്വത്തിലായി ഗോധ്രിയുടെയും പിലയുടെയും അംശങ്ങൾ കാണായി വന്നു. ഇടനെഞ്ചിലേവിടെയോ ഒരുത്കർഷം ജഗന്നാഥൻ അനുഭവിച്ചു. ഭംഗ്രയും ലാവണിയും ദണ്ഡിയയും വരഞ്ഞ ചോലിക്കു മേലെ താഴ്ന്നു കിടക്കുന്ന മണികൾ കോർത്ത തട്ടത്തിനുള്ളിൽ കുനിഞ്ഞ മുഖവുമായി ജഹനാര. കൂപ്പിയ കൈകൾക്ക് വിടവുകൾ തീർത്ത മോതിരങ്ങളിൽ പതിച്ച വൈരക്കല്ലുകളിലേക്ക് സാവധാനം ചുടുമഞ്ഞു തുള്ളികൾ ഇറ്റു വീഴാൻ തുടങ്ങി. ജഗന്നാഥന്റെ തോളിൽ നിന്നും ഭാണ്ഡം വഴുതി ദർഭ വിരിച്ച നിലത്തേക്ക് വീണു. നെഞ്ചിന്റെ തുടിപ്പ് കൈകളിലേക്കും ചുണ്ടുകളിലേക്കും പടർന്നു കയറി. വാക്കുകൾ വിറങ്ങലിച്ചു.
മഞ്ഞും നിലാവും പരസ്പരം ആശ്ലേഷിച്ച ആ രാവിൽ ദൂരെ ജോധ്പൂർ വയലുകളിൽ ഘൂമറിനും കഥ്പുത്തലിക്കും കച്ഛിഘോരിക്കും താളം പിടിക്കുന്ന ഢോലക്കുകളിലും കമയച്ചകളിലും മുൻപെങ്ങുമില്ലാത്ത ഒരു തണുപ്പ് ബാധിച്ചിരുന്നു. സാരംഗികൾ നിശ്വാസം കണക്കെ ശാന്തമായി പാടി.
രാവിനു ദൈർഘ്യം കുറവായി തോന്നി. ഹോമകുണ്ഡങ്ങൾ ഉണരുന്നതിനു മുന്നേ ജഗന്നാഥന്റെ നെഞ്ചിൽ നിന്നും തന്നെ വിടുവിച്ച് അവൾ ഇമ വെട്ടാതെ ആ മുഖം നോക്കിയിരുന്നു. ഏതു സദസ്സിലും കളങ്കം തീണ്ടാത്ത ആ മുഖത്തിന് പകലിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ഭാവം നിദ്രയിൽ പ്പോലും ഉണ്ടായിരുന്നില്ല. ആശ്രമത്തിൽ നിന്നും ദൂരെയെങ്കിലും മാതാക്കളുടെ സാന്നിധ്യം അടുത്തു വന്നപ്പോൾ ജഹനാര ശബ്ദമുണ്ടാക്കാതെ ശാലയിൽ നിന്നിറങ്ങി അവർക്കൊപ്പം ഗംഗയിലേക്ക് നടന്നു.
സാരംഗൻ സംഭവങ്ങൾ ഒരോന്നും ചുരുക്കി വർണ്ണിക്കുമ്പോഴും മാതാക്കൾക്കൊപ്പം ശുഭ്രവസ്ത്രം ധരിച്ച് കയ്യെഴുത്തുപ്രതികളിൽ കണ്ണോടിച്ചുകൊണ്ട് ശാലയുടെ സമീപത്തെ ദേവദാരുവിന്റെ ചുവട്ടിൽ ശിലാപീഠങ്ങളിലൊന്നിലിരിക്കുന്ന ജഹനാരയെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. രാജ്ഞിയുടെ മരണ ശേഷം ചക്രവർത്തി ജഹനാരയെ സാവധാനം ചുമതലകൾ ഏൽപ്പിക്കാനാരംഭിച്ചു. ദാരയടക്കമുള്ള സഹോദരങ്ങളെ സംരക്ഷിയ്ക്കുവാനും യഥാവിധി വിവാഹം ചെയ്യിക്കുവാനും അവൾ വളരെ പ്രയത്നിച്ചു. ഔറംഗസീബിന്റെ വരവോടെ ദേശത്ത് പ്രജാതന്ത്രം മാറിമറിയാൻ തുടങ്ങി. അധികാരം പിടിച്ചടക്കാൻ അനവധി മാർഗ്ഗങ്ങൾ തേടിയ അയാൾ ജഹനാരയുടെ ചെറുത്തുനിൽപ്പിനെ അദ്ഭുതത്തോടെ നോക്കിക്കണ്ടു. ഷാഹ് ജഹാനെ തടങ്കലിലാക്കി. അച്ഛനെ ശുശ്രൂഷിക്കാൻ മകളും തടവിൽ കഴിഞ്ഞു. അദ്ദേഹത്തിന്റെ മരണ ശേഷം വീണ്ടും രാജധാനിയിലെത്തിയെങ്കിലും രോഷനാരയടക്കമുള്ളവർക്ക് അതൊരു കൃതജ്ഞതയ്ക്കുള്ള വൃത്താന്തമായി തോന്നിയില്ല. ക്രമേണ എല്ലാം ഇട്ടെറിഞ്ഞ് ഇറങ്ങി. ഏത് സാഹചര്യങ്ങളിലും കുമാരി സാരംഗനോട് നിരന്തരമായി സമ്പർക്കം പുലർത്തിയിരുന്നു. ഈ വഴിയാകെ താണ്ടുവാനും ജഗന്നാഥനെന്ന പച്ചത്തുരുത്തിൽ എത്തുവാനും സാരംഗനെ ഒരു നിയോഗമായി സംരക്ഷിച്ചു.
“ പക്ഷേ പ്രഭോ..! സാമൂഹികമായ വ്യവസ്ഥിതികളൊന്നും തന്നെ അങ്ങയിലേക്ക് കുമാരിയെ ചേർക്കാൻ കൂട്ട് നിൽക്കുന്നില്ല. ഇക്കാര്യങ്ങളൊക്കെ നേരത്തേ അറിയാമായിരുന്നവർ രാജധാനിയിലുണ്ടായിരുന്നു. പുതിയ ഭരണതന്ത്രത്തിൻ ബലത്തിൽ അവർ അങ്ങയെ പുറത്താക്കി കഴിഞ്ഞു. അതു മാത്രമല്ല അങ്ങയുടെ ഗോത്രപുരോഹിതന്മാരുടെ സഭകളും കുമാരിയുടെ പോരലിനെ വ്യാഖ്യാനിച്ച് അങ്ങേയ്ക്ക് അശുദ്ധി കൽപ്പിച്ച് വെളിയിൽ നിർത്തിയിരിയ്ക്കുകയാണ്. കുമാരിയെ അന്വേഷിച്ച് ഭടന്മാരും അങ്ങയെ തിരക്കി ഗോത്രാനുയായികളും ഇറങ്ങിയിരിക്കുകയാണ്. രണ്ട് പേരുടെയും ലക്ഷ്യം അവരുടെ പ്രതിലോമ വ്യക്തിയെയാണ്. ഇനി അങ്ങ് തീരുമാനിച്ചാലും. ഏത് വഴിയിലും സാരംഗൻ കൂടെയുണ്ടാവും. പക്ഷേ ഇവിടെ…”
“പാടില്ല..! ഈ സ്ഥാനം നമുക്കോ അവർക്കോ എത്തിച്ചേരാനുള്ള അവസാന ഇടമല്ല. ഇവിടം കളങ്കപ്പെട്ടു കൂടാ. സാരംഗാ.. നീയും പോകണം. നിന്റെ ധർമ്മത്തിനൊപ്പം ചരിക്കാൻ അവിടെയൊരാളുണ്ട്. അതു വിസ്മരിച്ചു കൂടാ. എനിക്ക് ഇനിയൊരാളോട് കൂടി അനീതി പ്രവർത്തിക്കാനാവില്ല.”
“അരുത്. എന്നെ ചൊല്ലി വ്യസനിക്കുന്നതിൽ കാര്യമില്ല. അവളാണ് ഞങ്ങൾക്കുള്ള പാഥേയം ഒരുക്കിത്തന്നത്. ഇനിയും ഒരുക്കിക്കൊണ്ടിരിക്കുന്നു. ഇത് ഞങ്ങൾ രണ്ടു പേരുടെയും ധർമ്മമാണ്. അതു അനുവർത്തിക്കാൻ അനുവദിച്ചാലും..!“
ആശ്രമത്തിൽ നിന്നും ഇറങ്ങുമ്പോൾ പട്ട്ചേലകൾക്ക് മേൽ പുതയ്ക്കാൻ സുധർമ്മമാതാവ് ഒരു അഗ്നിവർണ്ണമുള്ള വസനം ജഹനാരയ്ക്ക് നൽകി. വെറുതെയെങ്കിലും അതണിയുമ്പോൾ ജഗന്നാഥൻ ഒട്ട് വിഷമിച്ചു.
“ഇനി.?”
“അറിയില്ല സ്വാമിൻ..പാദങ്ങൾ ചരിക്കുന്ന വഴിയേ..”
“ഗംഗ..വഴികാട്ടട്ടെ. ശ്രേയസ്സുള്ളവരായിത്തീരുക.”
സാരംഗൻ മുന്നേ നടന്നു. പിന്നാലെ കൈകൾ കോർത്ത് ഇരുവരും. ഗംഗാതടത്തിലെ കല്ലുകൾക്ക് രാജത്വമെന്തെന്ന് അറിയേണ്ടതില്ല. ജഗന്നാഥന് തന്റെ കൈകളിൽ അമരുന്ന തളിർവിരലുകളിൽ ഒരു പരിധിയിലേറെ പിടിമുറുക്കാൻ തോന്നിയില്ല. വഴുതാതിരിക്കുക.
ഗംഗ കാണിച്ചു തന്ന വഴിയേ.. ഹരിദ്വാറിലെ ഘട്ടുകൾ പിന്നിട്ട് ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട് ആശ്രമങ്ങളിലും ഗൃഹങ്ങളിലും അനാഥമൂർത്തികളുറങ്ങുന്ന മന്ദിരങ്ങളിലും രാവും ക്ഷീണവും കൊഴിച്ച് അവർ യാത്ര തുടർന്നു. സാരംഗൻ ഇടയ്ക്കൊക്കെ ഗൃഹത്തിൽ പോയി വന്നു. പാഥേയമായി വസ്ത്രവും ധനവും ഔഷധങ്ങളും പിന്നെ കുറേ വാർത്തകളും. എല്ലാം ഗംഗോപരിതലത്തിൽ വിശ്രമിച്ചു വരുന്ന കാറ്റിൽ ദേശാന്തരങ്ങൾ പുൽകി. നാളുകൾ അധികമെടുത്തില്ല വാരാണസിയിലെത്താൻ. ഗംഗോത്രിയിൽ ഭാഗീരഥി ആർത്തലച്ചൊഴുകിയത് വിശ്വനാഥന്റെ സന്നിധിയിലെത്താനുള്ള അദമ്യമായ ത്വര കൊണ്ടായിരുന്നുവോ?
നീലക്കണ്ണുകളിൽ ജാഹ്നവി ഇപ്പോഴും പ്രവഹിക്കുകയാണ്. താരകങ്ങളും ആരവങ്ങളും ഒഴിഞ്ഞ പ്രവാഹം. ഇവിടെയും നിൽക്കേണ്ടതില്ല എന്നോർമ്മപ്പെടുത്തുകയാവും.
“അതെ..!“
കണ്ണുകൾ പൂട്ടി ജഗന്നാഥന്റെ ചിന്തകൾക്ക് വിരാമം വരുത്തി അവൾ മൊഴിഞ്ഞു.
“സാരംഗൻ നന്നേ ക്ഷീണിച്ചിരിക്കുന്നു. ഇനിയും നാം ഇവ്വിധം പ്രവർത്തിച്ചു കൂടാ. പൂർവ്വദിക്കിനെ സൂര്യനിൽ നിന്നും അടർത്തിമാറ്റുന്നതാണിതിലും ഭേദം.”
അപകടം പതിയിരിക്കുന്ന പാതകളിലൂടെയാണ് സാരംഗന്റെ യാത്രകൾ. എന്തിന്? ഒരു ജന്മത്തെ വെറുതേ പാഴാക്കിക്കളയാൻ കാരണമാകുന്നത് ഇക്കണ്ട തീർത്ഥങ്ങളൊക്കെ പൂകിയ പുണ്യത്തെ അശേഷം ഇല്ലാതാക്കാനേ ഉപകരിക്കൂ. പക്ഷേ പറയുന്നതെങ്ങനെ?
“ നാഥാ… നാമിങ്ങനെ അലയുന്നതിൽ എന്തെങ്കിലും യുക്തി അങ്ങേക്ക് കണ്ടെത്താനാവുന്നുണ്ടോ?എത്രയോ സഭകൾ യുക്തിയില്ലാത്ത ജീവിതവ്യവഹാരങ്ങളെ തള്ളാൻ നാമിരുവരും ഉപയോഗിച്ചിട്ടുണ്ട്! എത്രയോ ഗ്രന്ഥങ്ങൾ പാവ കളിക്കുന്ന മാനവന്റെ മേൽ സഹതപിക്കുന്നതിനായി നാം വ്യാഖ്യാനിച്ചിട്ടുണ്ട്. എത്രയോ ധ്യാന വേളകളിൽ ഭൂമിയും സ്വർല്ലോകവും വിട്ട് അചിന്ത്യമായ അനുഭൂതിയെ തേടി നാം യാത്ര ചെയ്തിട്ടുണ്ട്. എത്രയോ പ്രമാണങ്ങളിൽ അനിത്യതയാർന്ന ഭൌതികതയെ ചൊല്ലി നാം വ്യസനിക്കുകയും ആനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ആ നിമിഷങ്ങളോടൊക്കെ നാമിപ്പോൾ ചെയ്യുന്നത് കടുത്ത അപരാധവും കൃതഘ്നതയുമല്ലേ എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ്.”
ശാന്തമായ മുഖത്തു നിന്നും അനായാസമായി ഒഴുകിവീണ വാക്കുകൾ. ആത്മവഞ്ചനയുടെ ലാഞ്ഛന പോലുമില്ലാതെ ധീരതയുടെ പരമകോടിയിൽ നിന്നും ഉതിർന്ന ഈ ശബ്ദം ജന്മാന്തരങ്ങളായി അന്വേഷിച്ചു വന്ന ബോധനിധിയിൽ നിന്നും, പരയിൽ നിന്നും ഉയർന്നു വന്നവയായി അനുഭവപ്പെടുന്നുവല്ലോ.
ജഗന്നാഥൻ ശ്രദ്ധിച്ചു. എനിക്ക് മുൻപേ കൊടുമുടി കയറിയവൾ. എനിക്കു മുൻപേ വിവേകത്തിന്റെ മാനസ സരസ്സിൽ തർപ്പണം ചെയ്തവൾ, എനിക്കു മുൻപേ വിഷ്ണുപദി ആശ്ലേഷിച്ചവൾ. ഇവൾ എനിക്കു മുൻപേ നിയോഗത്തിന്റെ ഭൂമികയിൽ ജനിച്ചവൾ. ഇനി അനുസരിക്കുക. അതു മാത്രമാണ് കരണീയം. കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ജഹനാര അനുഭവിച്ചിരുന്ന ആത്മസംഘർഷത്തിന്റെ ഭീകരതയെ ഇപ്പോൾ താൻ തിരിച്ചറിയുന്നു. സ്വപ്നത്തെ വ്യാജമെന്നു തിരിച്ചറിഞ്ഞിട്ടും സ്വാപ്നനരകത്തിലെ തനിക്കു താൻ തന്നെ സാക്ഷിയായി നിൽക്കേണ്ടി വരുന്ന അവസ്ഥ.
ഇതാണ് വിവേകം. എന്തുകൊണ്ടാണ് നാം തമ്മിൽ അടുത്തത്? ദൈഹികമായ സൌന്ദര്യത്തിലുണ്ടായ സാദൃശ്യങ്ങൾ കൊണ്ടല്ല. കാവ്യമീമാംസയിൽ ഉപവസിച്ച അനുപമമായ വൈദഗ്ധ്യം കൊണ്ടല്ല. വാക്ചാതുരിയിൽ മറച്ച കാമബാണങ്ങൾ കൊണ്ടല്ല, ഏകാന്തതയെ ചൂഴ്ന്ന നിമിഷങ്ങളിൽ മനസ്സിനെ അഴിച്ചു വിട്ടാലുണ്ടാകാവുന്ന അവിവേകം കോണ്ടുമല്ല. പിന്നെ? കല്പങ്ങൾക്കുമപ്പുറത്തു നിന്നും ഇരു ധ്രുവങ്ങളിൽ നിന്നിട്ടു പോലും എന്നെയും നിന്നെയും കോർക്കുന്ന ഒരു സുവർണ്ണസൂചി നമ്മിലൂടെ കടന്നു പോയിരുന്നു. അതിൽ ആനന്ദവും പ്രകാശവും നിത്യതയും സത്യവും കൂട്ടി പിരിച്ചൊരു സുവർണ്ണനൂൽ കൊരുത്തിരുന്നു. പ്രതിബന്ധങ്ങളെയും മരീചികകളെയും മറികടന്ന് അതു നമ്മെ മാത്രം ലക്ഷ്യം വെച്ചു കടന്നു വന്നപ്പോൾ…. അറിഞ്ഞിരുന്നില്ല… നീയെന്റേതും ഞാൻ നിന്റേതും മാത്രമാണെന്ന്. അല്ല… അല്ലല്ല..! നീ ഞാനും ഞാൻ നീയും മാത്രമാണെന്ന്.”
രാവിന്റെ ഒന്നാം യാമത്തിൽ സൂര്യൻ വീണ്ടും ഉദിച്ചു. ചിതകൾ നിർത്താതെ എരിഞ്ഞു കൊണ്ടിരുന്ന മണികർണ്ണികാ ഘട്ടിലും ഹരിശ്ചന്ദ്രഘട്ടിലും കപാലങ്ങൾ ഗംഗയിലേക്കുരുണ്ടു. ദിഗംബരന്മാരും അഘോരികളും കൌളന്മാരും പരമഗുഹയിലേക്ക് ഊളിയിട്ടു. ശവം കത്തിയുണ്ടായ ചാമ്പൽ ദേഹമാകമാനം വാരിയണിഞ്ഞ ഹഠയോഗികൾ പൂർണ്ണോന്മീലിതങ്ങളായ നയനങ്ങളൂമായി സമാധി പൂണ്ടു. കാളിയും കരാളിയും ശ്മശാനത്തിൽ ഉന്മാദനൃത്തം ചവിട്ടി.
ഗംഗ ഇപ്പോൾ ആദിമാതാവാണ്. സൃഷ്ടിയിലും പ്രളയത്തിലും മാത്രം വ്യക്തമാകുന്ന ഭാവവുമായി പ്രവാഹത്തിന്റെ താളം ചടുലമായി. ആളൊഴിഞ്ഞ കൽപ്പടവുകളിൽ വിശ്വനാഥന്റെ ഭൂതഗണങ്ങൾ പെരുമ്പറയും മുഴക്കി ആടിത്തുടങ്ങി. ഡമരുവും മണികളും ദ്രുതതാളം കൈക്കൊണ്ടു. ഇളംകുളിരുമായി പവനൻ ഘട്ടുകൾ തോറും പാറിനടന്നു.ശവശരീരങ്ങളിൽ ചാർത്തിയിരുന്ന മാലകൾ കഴുത്തിലണിഞ്ഞ് ഉന്മത്തരായ ബാബമാർ ആർത്തലച്ചുല്ലസിച്ചു.
ജഹനാര ഗംഗാപ്രവാഹത്തിലേക്ക് കണ്ണുനട്ടിരുന്ന ജഗന്നാഥന്റെ കരതലങ്ങൾ കയ്യിലെടുത്തു.
“സരയൂ നദിയിലേക്ക് നടന്ന രാമൻ സന്തുഷ്ടനായിരുന്നു. ശരശയ്യയിൽ ഉത്തരായനവും കാത്തുകിടന്ന പിതാമഹനും തൃപ്തനായിരുന്നു. സാവിത്രിയുടെ നിശ്ചയങ്ങളിൽ ദു:ഖം നിഴലിച്ചു കേട്ടിട്ടില്ല.ബലരാമസ്വാമി ദു:ഖം കൊണ്ടല്ല സമാധി പൂണ്ടത്. ഭഗവാനും നിയോഗമവസാനിച്ചു എന്ന് മനസ്സിലായപ്പോൾ ജരയ്ക്കു മുൻപിൽ തളിർപാദം നീട്ടിക്കൊടുത്തു. കാലിൽ അമ്പേറ്റ് എത്രയാളുകൾ ദേഹം ഉപേക്ഷിച്ചിട്ടുണ്ടാകും? ഇതേപ്പോലെ സ്വനിയോഗം മനസ്സിലാക്കാത്തവർ അമ്മയുടെ യൌവനം നശിപ്പിക്കാൻ മാത്രം പിറന്നവരാവില്ലേ? ഇനിയെന്ത് പ്രഭോ?”
ജഗന്നാഥന് അവളുടെ കണ്ണുകളിലെ വ്യഗ്രത വായിച്ചെടുക്കാനാകുന്നുണ്ട്. ഇതേ പോലെ സംസാരിച്ച ഒരുവളെപ്പറ്റിയേ കേട്ടിട്ടുള്ളൂ.വാസിഷ്ഠരാമായണത്തിൽ ലീലയെന്ന അദ്ഭുതനാരി. ശരം കണക്കെ അറിവിന്റെ കൊടുമുടികളിൽ പാഞ്ഞവൾ. പദ്മനെ പരമപദത്തിലെത്തിക്കാൻ കല്പങ്ങളും ജന്മങ്ങളും കാത്തിരുന്നവൾ. തന്റെ തന്നെ നിഴലുകൾക്ക് സർഗ്ഗങ്ങളനേകങ്ങളിൽ സാക്ഷിയായവൾ. സിദ്ധസാരസ്വതത്തിന്റെ അമൃതവാണികളോതി പതിയ്ക്ക് മുൻപിൽ വ്യാജം ചമഞ്ഞ് നിർവ്യാജാനന്ദം നേടിക്കൊടുത്തവൾ.ജഹനാരാ.. ആ ലീലയുടെ ലീലയാണോ നീയും ഞാനും. മറ്റൊരു ഭൂമികയിലിരുന്ന് നീയിതൊക്കെ കണ്ട് രസിക്കുന്നുണ്ടാവുമോ? ഞാനും നീയും അവളുടെ സ്വപ്നസൃഷ്ടിയോ?
ഗംഗയ്ക്ക് ഒഴുകണം.
ഇക്കാണ്മതെല്ലാം ഹേ ജഗദ്ധാത്രി! നിന്റെ സൃഷ്ടി. നിന്റെ വിനോദം. പാവക്കൂത്തുകളിൽ തിരശ്ശീലയ്ക്കു പിന്നിൽ വന്നു നോക്കുന്നവർക്ക് ജീവിതം നഷ്ടമാവാതെ കഴിക്കാം. മുൻപെത്ര ജന്മങ്ങൾ…. ഇനിയെത്ര…! വയ്യ….ഇനിയെണ്ണാനില്ല..!
ജഹനാരയുടെ കൈകൾ മുറുകി. കാലുകൾ നിവർത്തി അവൾ എഴുന്നേറ്റു. ഗോധ്നി കാറ്റിനോട് കുശലം പറഞ്ഞു കൈകോർത്ത് നിന്നു. ജഗന്നാഥൻ ഇരിക്കുകയാണ്.
“ അങ്ങയുടെ മനസ്സിൽ ഇനിയൊരു കാവ്യത്തിനുള്ള കാമം കൂടി അവശേഷിക്കുന്നുണ്ടോ? അതോ ഇനി വിമർശനവിധേയരാക്കാൻ പുതിയ കവികൾ ജന്മമെടുക്കാനുണ്ടോ? നോക്കുക അമ്മയ്ക്ക് പ്രവഹിച്ചേ തീരൂ. ഇങ്ങനെയിരുന്നാൽ മതിയോ?”
“വിഭൂതിയിൽ എന്താണിനി മുളയ്ക്കാൻ അവശേഷിക്കുന്നത് പ്രിയേ? നാം ജാഹ്നവിയുടെ പൈതങ്ങളാണ്. പൈതങ്ങൾ തങ്ങളെ എടുക്കാൻ കൈ നീട്ടുകയേ ആകാവൂ. വന്നെടുത്ത് പുണരേണ്ടതും ചുംബിയ്ക്കേണ്ടതും അമ്മയുടെ കർത്തവ്യവും സന്തോഷവുമാകുന്നു. വരിക”
ജഹനാരയെ തന്റെ മടിയിലേക്കിരുത്തി ആ കണ്ണുകളിലെ പ്രപഞ്ച വിസ്മയത്തെ ജഗന്നാഥൻ ഒരിക്കൽ കൂടി വന്ദിച്ചു.ലലാടങ്ങൾ തമ്മിൽ ചേർത്ത് ഇരുവരും ഗംഗയെ നോക്കി. ചിതകളെരിയുന്ന ഘട്ടിൽ പരമേശ്വരന്റെ താണ്ഡവം അവസാനിക്കുന്നു. ഗംഗയ്ക്കൊഴുകാൻ നേരമായി. ഛത്തരികൾ ഒറ്റക്കാലുകളിൽ ഉറക്കത്തിലേക്ക് നടന്നു. ധൂമവും ധൂളിയും ധൂപവുമടങ്ങി. നക്ഷത്രങ്ങൾ കണ്ണു ചിമ്മി.മേഘമാലകൾ നന്ദാദേവിയെ ലക്ഷ്യമാക്കി നീങ്ങി.
ഇനി യാത്രയില്ല
തന്റെ കരവലയത്തിനുള്ളിൽ നെഞ്ചോട് ചാഞ്ഞിരിക്കുന്ന സാധ്വിയുടെ നിശ്വാസവായുകണങ്ങൾ ജഗന്നാഥന്റെ ഊർജ്ജമായിത്തുടങ്ങി. അനേകജന്മങ്ങളായിത്തുടരുന്ന അക്ഷരോപാസന സഫലതയെ പ്രാപിക്കുവാനുണർന്നു.പുണ്യവും സുകൃതവും ആശീർവ്വാദങ്ങളുമെല്ലാം തങ്ങളെ പൂർണ്ണമാക്കിയുണർത്തി.മൂലാധാരത്തിലെ ആദിമഹാപദ്മത്തിൽ ദളങ്ങളായിരം വിടർന്നു. ഇടയും പിംഗളയും നിരുദ്ധങ്ങളായി. കാലങ്ങളായി ഒളി കാത്തു കിടന്ന സുഷുമ്നയുടെ രന്ധ്രങ്ങൾ തുറക്കപ്പെട്ടു. പ്രപഞ്ചത്തിന്റെ നാനാദിക്കുകളിൽ നിന്നും ശതശതകോടി പ്രതിഭാകണങ്ങൾ വന്നെത്തി. ഹൃദാകാശം പ്രഭാപൂരിതമായി മാറി. ജഹനാരയുടെ നീലക്കണ്ണുകളിൽ തെളിഞ്ഞു കണ്ട വിഷ്ണുപദിയുടെ വാത്സല്യഹാസം ജഗന്നാഥന്റെ നയനസുഷിരങ്ങൾ വഴി പരയിലെത്തി.പ്രകാശഗോപുരം തുറക്കപ്പെട്ടു. പരയിൽ നിന്നും പശ്യന്തിയിലേക്കും അവിടെ നിന്നും മധ്യമയിലേക്കും മധ്യമ കടന്ന് വൈഖരിയിലേക്കും അനുപമ ലഹരിയൊഴുകി.
മണീകർണ്ണികാ ഘട്ടിന്റെ പടികളിൽ നിന്നുദ്ഭവിച്ച ലഹരീപ്രവാഹം ജഹനാരയുടെ നീലനയനങ്ങളെ അപൂർവ്വമായ ഉദ്വേഗത്തോടെ ആർദ്രമാക്കി. വാരാണസിയിൽ ഗംഗയൊഴികെ മറ്റെല്ലാം ആ ലഹരിയിൽ സ്തബ്ധരായി.വെൺപർവ്വതത്തിൽ മഹാദേവന്റെ ചാരത്തു നിന്നും രണ്ട് നദികൾ പ്രവഹിച്ചു.ജടയിൽ നിന്നും അംബയുടെ കണ്ണുകളിൽ നിന്നും.ലഹരി നുണയുവാൻ സിദ്ധർ സമാധി വിട്ടുണർന്നു. ഉന്മത്തർ തങ്ങളെ പൂമാലയാക്കി ഗംഗയെ അണിയിച്ചു.
ഗംഗ മാത്രം ഒഴുകി. ദൂരദൂരങ്ങളിൽ താൻ കഴുകിക്കൊണ്ടു പോരുന്ന പാപങ്ങളുടെ മാലിന്യങ്ങൾ തീണ്ടാത്തൊരിടത്ത്, തന്റെ സ്വകാര്യോപാസനയ്ക്ക് നീക്കി വെച്ചിരുന്ന ശ്രീലകത്ത് അവൾ ഒരു തടമൊരുക്കി. രണ്ട് പനിനീർച്ചെടികളെ ഒരേയിടത്ത് ഒരുമിച്ചു നട്ടു നനയ്ക്കാൻ. താൻ വിണ്ണിലേക്ക് മടങ്ങുമ്പോൾ അന്യോന്യം പുൽകിയൊരുമിച്ച അവയിലുണ്ടായ വാടാമലരിനെ തന്റെ ശുദ്ധിനിദാനത്തിന്റെ കാൽക്കൽ സമർപ്പിക്കാൻ.
എന്നിട്ട് അവൾ ഘട്ടിനു മുന്നിലുണർന്നു.ജഗന്നാഥന്റെ ലഹരി ഓരോ പടിയിറങ്ങുമ്പോഴും ജാഹ്നവി ഓരോ പടി കയറി വന്നു. കൈ നീട്ടി, കണ്ണുകളിൽ ലഹരിയാസ്വദിച്ച്, മടിയിലിരുന്ന് ജഹനാര അമ്മയെ സ്വാഗതം ചെയ്തു.വെൺചന്ദനവും കന്മദവും മണക്കുന്ന പാണിതലങ്ങളിൽ ഇരുവരെയും കോരിയെടുത്തുമ്മ വെച്ച് ഗംഗ പടികളിറങ്ങി. ചിതകളിൽ പാതി വെന്ത കബന്ധങ്ങൾ പോലും എഴുന്നേറ്റ് കൈ കൂപ്പി നിന്നു. ഗോപുരത്തിനു മേലേ വിശ്വനാഥനും ജഗന്മാതാവും എല്ലാം അശീർവദിച്ചു നിന്നു. വിദ്യാധരികൾ പടവുകളിൽ നിന്ന് താരകാർച്ചന ചെയ്തു. ഗംഗാസ്തന്യം നുകർന്നുകൊണ്ട് രണ്ടു പൈതങ്ങൾ പാലാഴിയിൽ വിടർന്ന കളിത്താമരയ്ക്കായി കൈനീട്ടി.
കാളികാഘട്ടിനു മേലേ സാരംഗൻ മാത്രം ഛത്തരിയുടെ ഒറ്റക്കാലിൽ ചാരിയിരുന്ന് വിതുമ്പുകയാണ്.
“ ഇദം തദ്ഗംഗേതി ശ്രവണരമണീയം ഖലു പദം.
മമ പ്രാണപ്രാന്തർവദനകമലാന്തർവിലസതു”
(കേട്ടുകേൾവിയുടെ നാലേ നാലു വാചകങ്ങളിൽ നിന്നും പെരുപ്പിച്ചെടുത്തത്. ജഹനാരയെന്നും ജോധയെന്നും ലവാംഗിയെന്നും കേൾക്കുന്നു. സത്യത്തിൽ ആര്? അറിയില്ല. കൂടുതൽ കേട്ട പേരെഴുതി)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)