ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം

ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!

Follow

അഹം ?

എന്റെ ഫോട്ടോ
പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം

2010, നവംബർ 19, വെള്ളിയാഴ്‌ച

ചിത്രഭാഷ



ചിത്രകലയ്ക്ക് മറ്റേതൊരു കലയെക്കാളും മാനവജീവിതവുമായി ബന്ധമുണ്ട്. ഏറ്റവും ലളിതവും സുതാര്യവും സഫലവുമായ ബോധനത്തിന് ചിത്രങ്ങളെപ്പോലെ ഉപകരിക്കപ്പെടുന്നതായി മറ്റൊന്നില്ല തന്നെ.ആയിരം വാക്കുകൾ കൊണ്ട് പറയുന്നത് ഒറ്റ ചിത്രം കൊണ്ട് സാധിക്കും എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.പ്രാഥമികവും അടിസ്ത്ഥാനപരവുമായ ബോധനപ്രക്രിയകൾ ചിത്രങ്ങളെ ആധാരമാക്കിയാണ് പ്രചരിക്കുന്നതും. ഒരു ശിശുവിനെ അവന്റെ ശൈശവത്തിലെ അവ്യക്ത ലോകങ്ങളിൽ നിന്നും വ്യക്തമായ ഐഹികലോകത്തിലേക്കു ഇറക്കിക്കൊണ്ട് വരുന്നത് അവനിലേക്ക് സന്നിവേശിക്കപ്പെടുന്ന ചിത്രങ്ങളിലൂടെയാണ്. നിരന്തരമായി കാണുകയും സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുന്ന അമ്മയാണു അവനിലെ തത്കാലീനമായ ഏറ്റവും വ്യക്തമായ ചിത്രം. ചിത്രങ്ങളിലൂടെ അവൻ അനുഭവിക്കുന്നത് അനുകൂലവേദനീയങ്ങളും പ്രതികൂലവേദനീയങ്ങളും ആയ അവബോധനങ്ങൾ മാത്രമാണു താനും.ഇപ്രകാരം മറ്റു ചിത്രങ്ങളിലേക്കും അവന്റെ ബോധമനസ്സ് ക്രമേണ ഇറങ്ങിചെല്ലുന്നു. ഓരോ ചിത്രങ്ങളും അവനു ഓരോ വേദനീയതകളെ നൽകുന്നു.പിന്നീട് കാണുന്ന ചിത്രങ്ങളെ  വേദനീയതയുടെ അടിസ്ഥാനത്തിൽ അവൻ തിരിച്ചറിയുന്നു.ഇപ്രകാരം ചിത്രങ്ങൾ വർഗ്ഗീകരിക്കപ്പെടുകയും ചെയ്യുന്നു. വർഗ്ഗീകരിക്കപ്പെടുന്ന ചിത്രങ്ങളീലേക്ക് കോടാനുകോടി ചിത്രങ്ങളുടെ പ്രവാഹമാണു ജീവിതത്തിലുടനീളം സംഭവിക്കുന്നത്. അത് ക്രമേണ ഒരു പൊതു ചിത്രമായി രൂപാന്തരപ്പെടുന്നു. വ്യക്തിയിൽ രൂപം കൊള്ളുന്ന മഹാചിത്രം അവന്റെ സംസ്കാരവും സ്വഭാവവും ആയിത്തീരുന്നു. മഹാചിത്രം ഒരു സമൂഹത്തിൽ ഒന്നിലധികം പേരിൽ സമാനമാകുമ്പോൾ യുങ് വിശേഷിപ്പിക്കുന്ന  സമഷ്ടി അബോധം (collective unconscious) പോലെ ഒരു സമഷ്ടി മഹാചിത്രം അവിടെ വിരചിക്കപ്പെടുന്നു. അത് വിശിഷ്ടമായ ഒരു സമൂഹത്തിനു ജന്മം നൽകുകയും ചെയ്യുന്നു.

വിശ്ലേഷണാത്മക മനശ്ശാസ്ത്രം.

കാൾ ഗുസ്താവ് യുങ് രൂപപ്പെടുത്തിയ മനശ്ശാസ്ത്രശാഖയാണു പേരിൽ പ്രസിദ്ധമായിരിക്കുന്നത്. മനസ്സിന്റെ ഘടനയെ കേവല ശരീരവൈശിഷ്ട്യങ്ങളിൽ നിന്നും വേർതിരിച്ച് ആദിമമായ ഒരു ഘടനയോട് ചേർത്ത് വെച്ച് യുങ് വ്യാഖ്യാനിച്ചിരിക്കുന്നു.ബോധം എന്നത് സമഷ്ടിയായ ഒരു ചേതനയാണെന്നും ബോധത്തിന്റെ വിലാസത്തിലാണു എല്ലാ മാനസികപ്രക്രിയകളും നടക്കുന്നതെന്നും അദ്ദേഹം സിദ്ധാന്തിച്ചിരിക്കുന്നു. സമൂഹത്തിനൊട്ടാകെ ഒരു സമഷ്ടി അബോധഭൂമിക ഉണ്ടെന്നും അതിൽ പരമ്പരയാ അനുവർത്തിക്കപ്പെടുന്ന ആദിപ്രരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആദിമകാലം മുതൽക്കേയുള്ള എല്ലാ പരിണാമവിവർത്തങ്ങളിൽ നിന്നും ഭാഗം സ്വീകരിച്ച് രൂപീകരിക്കപ്പെട്ട ആദിമമാതൃകകളാണു ആദിപ്രരൂപങ്ങൾ. ഇവ അനേകം ഉപവിഭാഗങ്ങളായി വിഭക്തങ്ങളാണ്. വിശ്ലേഷണാത്മക മനശ്ശാസ്ത്രത്തിന്റെ ആധാരഭൂതങ്ങളായ ആദിപ്രരൂപങ്ങൾ ചിത്രസങ്കേതത്തിലാണു പ്രയുക്തങ്ങൾ ആയിരിക്കുന്നത്.

ചിത്രബോധനം.

ചിത്രം എന്നതുകൊണ്ട് നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നതോ കടലാസിൽ വർണ്ണങ്ങൾ ഉപയോഗിച്ച് വരയ്ക്കുന്നതോ ആയ ഒരു രൂപത്തെയാണുദ്ദേശിക്കുന്നത് എങ്കിൽ ഭാഷയ്ക്കു മേൽ ചിത്രങ്ങൾക്ക് ഇത്രമാത്രം ശക്തിമത്തായ ഒരു അധീശത്വം ഉണ്ടാവുക വയ്യ. അന്ധനും ബധിരനും മൂകനുമായ ഒരുവനു ലോകവുമായി സമ്പർക്കത്തിലേർപ്പെടുവാൻ ഭാഷ എത്രമാത്രം സഹായകരമാകും? അതിനു അവനനുഭവിക്കുന്ന സീമിതങ്ങളായ അനുഭവങ്ങൾ രൂപപ്പെടുത്തുന്ന ചിത്രങ്ങളാണു സഹായകങ്ങളാകുന്നത്.അപ്പോൾ ചിത്രങ്ങൾക്ക് സ്ഥൂലരൂപത്വത്തിൽ നിന്നും ഉയർന്ന തലത്തിലുള്ള ഒരു മാനം കൈവരുന്നു. ഇതേ മാനമാണു ഒരു ശിശുവിന്റെ ബുദ്ധിമണ്ഡലത്തേയും പ്രഭാവിതമാക്കുന്നത്.അമ്മ കുട്ടിയെ എടുത്ത്കൊണ്ട് തൊടിയിലൂടെ നടന്ന് കാക്കയെ ചൂണ്ടികാണിച്ചുകൊണ്ട്ദാ..കാക്കഎന്നു പറഞ്ഞുകൊടുത്ത് ഊട്ടുന്ന കാഴ്ച്ച നമുക്കു വിരളമല്ല. കാക്കയെ ചൂണ്ടിദാ കാക്കഎന്ന് പറയുമ്പോൾ അവന്റെയുള്ളിൽ കാകശബ്ദത്തിന്റെ ശാബ്ദബോധമായി രൂപമെടുക്കുന്നത് ഒരു കാക്കയുടെ സവിശേഷമാ ചിത്രമാണ്.കുട്ടിയെ സംബന്ധിച്ച് നിറം,രൂപം,വലിപ്പം,കാലം,സ്ഥലം,ചലനം,ശബ്ദം എന്നിവെയൊക്കെ കാക്കയുടെ ശാബ്ദബോധത്തോടൊപ്പം ദൃഢപ്പെടുന്നു. ഇന്ന് അമ്മ കാട്ടി കൊടുക്കുന്നത് മരക്കൊമ്പിൽ ഇരിക്കുന്ന കാക്കയെ ആണെന്നു വെക്കുക. നാളെ കുട്ടി കാണുന്നത് പറക്കുന്നതും, ഇന്നലത്തേതിനെക്കാൾ വലിപ്പം കുറഞ്ഞതുമായ കാക്കയെയാണെങ്കിലും അതിനെ മിക്കവാറും കുട്ടി തിരിച്ചറിയുക തന്നെ ചെയ്യും.അമ്മ പറഞ്ഞതും കുട്ടി കേട്ടതുമായ കാക്ക എന്ന ധ്വനി ശിശുവിന്റെയുള്ളിൽ ഏതോ സമാനചിത്രങ്ങളെ ഉണർത്തിയാലേ സുകരമായ തിരിച്ചറിവുണ്ടാകൂ. അബോധപ്രബോധനമെന്ന പ്രക്രിയ ഭാഷയെക്കാൾ ചിത്രങ്ങളുടെ ബോധനത്തിൽ മാത്രമാണു അനുഭവിക്കാൻ സാധിക്കുക. ദേശത്തെയും കാലത്തെയും അതിവർത്തിച്ചുകൊണ്ട് ചിത്രങ്ങൾ സവിശേഷതയുള്ളതായിരിക്കുനുവെങ്കിൽ അവയ്ക്ക് മൌലികമായ ഒരു ഘടന ഉണ്ടായിരിക്കണം. ചിത്രങ്ങൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കാനുപയോഗിക്കുന്ന സങ്കേതം പോലെ അവയ്ക്കു അബോധത്തിൽ നിലനിൽക്കാൻ ഒരു വാങ്മയ ഘടന നിശ്ചയമായും ഉണ്ടാകണം. ഘടനാത്മകതയാണു ജനിതകത്തിലൂടെ പകർന്നു വരുന്ന സംസ്കാരങ്ങളിലും സ്വഭാവങ്ങളിലും അന്തർഭവിച്ചിരിക്കുന്നതും. പക്ഷേ ചിത്രഘടനയിൽ ഏതെങ്കിലും സാങ്കേതികമായ ഭാഷയ്ക്ക് സ്വാധീനമുണ്ടാകാൻ വഴിയില്ല. എന്നാൽ വാങ്മയത സംഭവ്യമാണ് താനും. അന്ധനു വാക്കിൽ കൂടി രൂപപ്പെടുന്ന ചിത്രം പോലെ അബോധഗതമായ ചിത്രസഞ്ചയത്തിനു സങ്കീർണ്ണവും,ചിലപ്പോൾ പ്രതീകാത്മകവുമായ ഘടനയാണു ഉണ്ടാകുന്നത്. ചിത്രങ്ങളുടെ വാങ്മയതയാണു അവയെ പരമ്പരകളിലൂടെ കൈമാറ്റം ചെയ്യപ്പെടുവാനും സംരക്ഷിക്കപ്പെടുവാനും കരണമായിരിക്കുന്നത്.

അബോധപ്രബോധനം

ബോധം,അബോധം,ഉപബോധം എന്നിങ്ങനെയുള്ള ചിത്തത്തിന്റെ തരംതിരിവുകൾ ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളിലൂടെയാണു വ്യാപിച്ചത്. ഇവയിൽ അബോധമാണു വാസനകളുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഖനിയായിരിക്കുന്നത്. അക്ഷയയായ ഖനിയുടെ വൈഷയിക ഘടന ചിത്രസങ്കേതത്തിലൂടെയാണു നിർമ്മിച്ചിരിക്കുന്നത് എന്നതിനു ഉത്തമോദാഹരണങ്ങളാണു സ്വപ്നങ്ങൾ. സ്വപ്നത്തിൽ ഭാഷയെക്കാൾ അധികം ചിത്രങ്ങൾക്കാണു പ്രാധാന്യം. ശിശുക്കളുടെ സ്വപ്നങ്ങളിൽ ഭാഷയ്ക്കു സാധ്യതയുണ്ടെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടു താനും. മാനവരാശിയ്ക്കൊട്ടാകെ ആവേഗങ്ങളും വികാരങ്ങളും ഉയരുന്നതു അബോധത്തിൽ നിന്നാണ്. അവിടെ ഭാഷയുടെ അതിർവരമ്പുകളില്ല. അതിനാൽ തന്നെ മാനവരെ സാമാന്യവത്കരിക്കുന്നത് അവന്റെ അബോധഗതമായ  ചിത്രഘടനാ സങ്കേതമാണെന്നത് നിസ്തർക്കമാണ്.
ഇതിനെപ്പറ്റി കാൾ യുങ്ങ് തന്റെആദിപ്രരൂപങ്ങൾ’(Archetypes) എന്ന സങ്കൽപ്പനത്തിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ആദിപ്രരൂപങ്ങൾ വ്യക്തമാക്കപ്പെടുന്നത് ഏറ്റവും കൂടുതലായും ചിത്രങ്ങളിലൊടെയാണ്. സ്വപ്നങ്ങളിൽ ചിത്രങ്ങളുടെ ആധിക്യം സൂചിപ്പിക്കുന്നതു അതാണ്. വാസനകൾ ഭാഷയായല്ല മറിച്ച് ചിത്രങ്ങളായാണു എത്തുന്നത്. അവ ആകാരങ്ങളുടെയോ ക്രിയകളുടെയോ പ്രതിഭാസങ്ങളുടെയോ ആകാം. യുങ്ങ് എടുത്തു പറയുന്നു- “ജീവിതത്തിന്റെ ഭാഗങ്ങൾ തന്നെയായ അബോധ ചിത്രങ്ങൾ വ്യക്തിയുമായി വാസ്തവികമായും വികാരങ്ങളുടെയും ആവേഗങ്ങളുടെയും സേതുവിലൂടെ സംബന്ധിച്ചിരിക്കുന്നുഎന്ന്. (Approaching the Unconscious in Man and his Symbols, London. 1978. Page 87) അബോധചിന്ത ചെയ്യുന്നത് ചിത്രരൂപേണയും പ്രതീകരൂപേണയുമാണ്. അതിനാലാണു സ്വപ്നങ്ങളിൽ പ്രതീകാത്മകത അധികരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ചിന്തയുടെ അടിസ്ഥാനപ്രക്രിയയും ഭാഷ ഉപപ്രക്രിയയുമാണ്.

ചിത്രസങ്കേതത്തിന്റെ മുഖ്യമായ ധർമ്മം എന്നത് ഏത് സാഹചര്യത്തിലും ഏത് ഭാഷയിലും ഏത് കാലത്തിലും ഏത് ദേശത്തിലും വ്യക്തിയിൽ വ്യക്തമായ പ്രഭാവം ചെലുത്തുക എന്നത് തന്നെയാണു. എന്തെന്നാൽ എല്ലാ കാലത്തിലും എല്ലാ സ്ഥാനങ്ങളിലും എല്ലാ വ്യവഹാരമാർഗ്ഗങ്ങളിലും സാമാന്യമായും അബാധിതമായും നിൽക്കാൻ കഴിയുന്ന ഒരേയൊരു വിഷയവിശേഷം ചിത്രം മാത്രമാണ്. വിശ്ലേഷണാത്മക മനശ്ശാസ്ത്രത്തിന്റെ രണ്ട് പ്രധാനമുഖങ്ങളായ ആദിപ്രരൂപം,സമഷ്ട്യബോധം എന്നിവ വിശിഷ്ടബിന്ദുവിൽ സംഗതങ്ങളാകുന്നു. സംസ്കാരത്തിനും പാരമ്പര്യത്തിനും വ്യക്തിജീവിതത്തിൽ വ്യക്തവും ശക്തവും ജനിതകനിഷ്ഠവുമായ സ്വാധീനം ഉണ്ടായിരിക്കെ ഇതിന്റെ ഘടനാവിശേഷങ്ങളായ ചിത്രങ്ങളുടെ സങ്കേതങ്ങൾ എവിടെയൊക്കെ ഉപയോഗിച്ചിരിക്കുന്നു എന്നതാണു ഇവിടെ ചിന്ത്യം. എന്തെന്നാൽ ചിത്രസങ്കേതത്തിലുള്ള എല്ലാ പ്രയോഗങ്ങളും സൃഷ്ടികളും മാനവനിൽ സുദൃഢമായ പ്രഭാവം പുലർത്തുക തന്നെ ചെയ്യും.

മിത്തുകളിലെ ചിത്രഭാഷ.

കലയുടെയും സാഹിത്യത്തിന്റെയും ധർമ്മം അനുവാചകരെ ദു:ഖതമസ്സിൽ നിന്നും ആനന്ദജ്യോതിസ്സിലേക്കു നയിക്കുക എന്നതാണ്. അതിനായി അവ സ്ഥായീ ഭാവങ്ങളേ രസങ്ങളാക്കി  പരിണമിപ്പിക്കുവാൻ ഉതകുന്ന വിഭാവ,അനുഭാവ,വ്യഭിചാരിഭാവങ്ങളെ ഉദ്ദീപിപ്പിക്കുവാൻ യോഗ്യങ്ങളായ  പ്രേരണകളെ നൽകുന്നു. ഇവയാൽ ഉദ്ദീപ്തമായി അനുഭൂതമാകുന്ന രസം നിർവേദാധിഷ്ഠിതമായ ശാന്തത്തിലെത്തുമ്പോഴാണു പരമാനന്ദാനുഭൂതിയുണ്ടാകുന്നത്. അതു വരെ അഷ്ടരസാത്മകങ്ങളായ ധാരാളം ചിത്രങ്ങൾ കവികൾ വിരചിക്കുന്നു. രസനിഷ്പത്തിയുടെ ഘടനയിലാകെ അബോധപ്രബോധനത്തിന്റെ പ്രക്രിയയെ നമുക്കു കണ്ടെത്തുവാൻ സാധിക്കും. ഭാഷയാൽ പ്രഭാവിതങ്ങളായ കാവ്യങ്ങൾ എപ്രകാരമാണു ചിത്രപ്രഭാവിതമായ അബോധത്തെ പ്രബോധിപ്പിക്കുന്നത് എന്ന് സന്ദേഹിക്കേണ്ടതില്ല. അതിനാണു ആദ്യം തന്നെ വാങ്മയചിത്രം എന്ന് സൂചിപ്പിച്ചത്.രസം അലൌകികവും ഭാഷ ലൌകികവുമാണ്. ലൌകികമായ ഒന്നിനാൽ അലൌകികമായ ഒന്നിനെ പ്രബോധിപ്പിക്കുവാൻ കഴിയില്ല.ചിത്രം ലൌകികമാകാം.എന്നാൽ ചിത്രസങ്കേതം അലൌകികമാണ്, അനിർവാച്യവുമാണ്.ഭാഷയും ഭാഷാസൃഷ്ടമായ വാക്കും ലൌകികമാണെങ്കിലും  വാക്കു കൊണ്ടു നിർമ്മിക്കപ്പെടുന്ന ചിത്രം അലൌകികമാണെന്നർത്ഥം. ഇപ്രകാരം വാക്കുകൾ കൊണ്ടും വാക്യങ്ങൾ കൊണ്ടും ഒരു ചിത്രമുണ്ടാക്കുകയും ചിത്രത്തിൽ ശൃങ്ഗാരാദി രസോദ്ദീപകങ്ങളായ ഗുണങ്ങൾ സന്നിവേശിക്കപ്പെടുകയും ചെയ്യുമ്പോൾ ചിത്രത്തിന്റെ സങ്കേതം പ്രവർത്തനക്ഷമമാകുന്നു. സാഹിത്യത്തിൽ പ്രക്രിയയാൽ ചിത്രഭാഷ പ്രോജ്വലിക്കുന്നു.
കാവ്യപ്രയോജനം ആനന്ദാവാപ്തിയാണെന്നു പറഞ്ഞു. ആനന്ദത്തിന്റെ പരമകാഷ്ഠ നിർവേദാധിഷ്ഠിതമായ ശാന്തിയിലാണു. ശാന്തി ആത്മീയമൂല്യങ്ങളിൽ അധിഷ്ഠിതവുമാണ്.അതിനാൽ പരമശ്രേഷ്ഠമായ ചിത്രഭാഷ അധ്യാത്മസംബന്ധിനിയാണെന്നു വരുന്നു. ഇക്കാരണത്താലാണ് കാളിദാസ-ഭാസ-ഭാരവി മുതലായ ഭാരതീയകവികളെക്കാളും ഇതര ലോകക്ലാസ്സിക്കുകളുടെ സ്രഷ്ടാക്കളെക്കാളും വ്യാസൻ ഉത്തമനായ കവിയായും ചിത്രകാരനായും എണ്ണപ്പെട്ടത്.  ആത്മവിദ്യയെ അടിസ്ഥാനപ്പെടുത്തിയാണ് രസമൌക്തികങ്ങളെ കൊണ്ട് അലങ്കരിച്ച അധ്യാത്മരാജധാനികളായ പുരാണേതിഹാസങ്ങൾ അദ്ദേഹത്താൽ വിരചിക്കപെട്ടത്. അനുപമേയവും അനവദ്യവും അപരിമേയവുമായ ചിത്രഭാഷയാണ് ശതശതങ്ങളായുള്ള ആഖ്യാനോപാഖ്യാനങ്ങളീലൂടെ അദ്ദേഹം നിർമ്മിച്ചത്. യുങ് വർണ്ണിച്ച  ആദിപ്രരൂപങ്ങളിൽ ജ്ഞാനി,ശിശു,നായകൻ,മഹാമാതാ,സൂത്രശാലി, ഖലൻ മുതലായ ഏതാണ്ടെല്ലാ ആദിപ്രരൂപങ്ങളും വ്യാസതൂലികയിൽ നിന്നും ജന്മം കൊണ്ടിട്ടുണ്ട്. ശ്രീകൃഷ്ണൻ എന്ന ഒറ്റ ബിംബത്തെ ആധാരമാക്കി അദ്ദേഹത്താൽ രചിതമായ വിശ്വചിത്രം സഹസ്രാബ്ദങ്ങൾക്കും ലക്ഷാബ്ദങ്ങൾക്കും അപ്പുറത്തേക്ക് മൂല്യങ്ങളുടെ മഹാഗംഗയെ പ്രവഹിപ്പിക്കുവാൻ ശക്തമാണ്. ചിത്രത്തെ അമേയമായ ചാരുതയോടെ രചിയ്ക്കുന്നതിലൂടെ ഒരു ആദിപ്രരൂപത്തിൽ തന്നെ  മറ്റെല്ലാ സമാനഗുണങ്ങളായ ആദിപ്രരൂപങ്ങളും ഉൾപ്പെട്ടവയായിത്തീരുന്നു. ആധ്യാത്മിക മൂല്യങ്ങളും മാനവിക മൂല്യങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിൽ  മിശ്രണം ചെയ്ത് സാമാന്യനും ജനകീയനുമായി അവതരിപ്പിക്കുന്നതിലൂടെയും വ്യക്തിയെ കേന്ദ്രീകരിച്ച് മൂല്യനിർഭരങ്ങളായ അനേകം ആഖ്യാനോപാഖ്യാനങ്ങൾ എഴുതിയതിലൂടെയും  മാനവമനസ്സിന്റെ അബോധ തലത്തിൽ സദ്ഗുണഗർഭങ്ങളായ അനേകമനേകം ചിത്രങ്ങളുടെ സാങ്കേതികത്വം സന്നിവേശിപ്പിക്കാൻ കഴിഞ്ഞ ഒരേയൊരു ചിത്രകാരൻ വ്യാസനാണ്. വ്യാസപ്രയുക്തയായ ഒരു ചിത്രഭാഷ മറ്റൊരു ദിക്കിലും കണ്ടെടുക്കാൻ സാധിക്കില്ല. പുരാണ കഥകൾ അലൌകികങ്ങളായി ചിത്രീകരിച്ചിരിക്കുന്നത് അവ കാലാതിവർത്തികളായി നിലകൊള്ളുന്നതിനും പരമ്പരയാ അനുസന്ധാനം ചെയ്യുന്നതിനും വേണ്ടിയാണ്. ഐഹികമായ ഒന്നിന് ഇവിടെ വർത്തമാനത്തിൽ തന്നെ അന്ത്യമുണ്ടാകും. അലൌകികങ്ങളായ കഥാപാത്രങ്ങളും കഥകളും മൂല്യങ്ങളും നിർണ്ണയിക്കുന്ന ചിത്രഭാഷയും സങ്കേതവും സമഷ്ടി അബോധത്തിൽ ദൃഢങ്ങളും പരിരക്ഷിതങ്ങളും ആവുകയാൽ കാലക്രമേണ മാനവസാമാന്യത്തിന്റെ നീതിബോധവും സ്വാതന്ത്ര്യേച്ഛയും ആയിത്തീരുന്നു. സമഷ്ടിയെ തിരിച്ചറിയാതെ  നീതിബോധത്തിന്റെയും സ്വാതന്ത്ര്യേച്ഛയുടെയും പ്രഭവസ്ഥാനം ഐഹികതയിൽ ആരോപിക്കുമ്പോഴാണ് വ്യാകുലതകൾ ആവിർഭവിക്കുന്നത്.
യഥാർത്ഥമായ പ്രഭവബിന്ദുവിനെ മനസ്സിലാക്കുന്നതിനും  സമാവേശിക്കുന്നതിനും ചിത്രഭാഷയുടെ അനവരതമായ അനുശീലനവും സ്വാബോധത്തിന്മേലുള്ള നിതാന്ത ശ്രദ്ധയുമാണ് നിദാനങ്ങളായിരിക്കുന്നത്.

Bibliography:
1.  General study on Puranas and Indian myths
2.  Collected works of C.G.Jung.
3.  Cognitive Psychology.

അഭിപ്രായങ്ങളൊന്നുമില്ല: