ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം

ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!

Follow

അഹം ?

എന്റെ ഫോട്ടോ
പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം

2010, നവംബർ 9, ചൊവ്വാഴ്ച

ജൂനിയർ മാൻഡ്രേക്!

ഇത്ര വളർന്നിട്ടും ഞാനൊരു ഹോം-സിക്ക് ആണെന്ന്--അല്ല--ആയിരുന്നെന്ന് മനസ്സിലാക്കിയതു ത്രിശ്ശിവപേരൂരിൽ ബി.എഡിനു ചേർന്നപ്പോഴാണു.വല്ലപ്പോഴുമൊക്കെയെ ഇനി വീട് കാണാൻ പറ്റൂ എന്നായപ്പോ ആന്തൽ കൂടി. രണ്ടു ഖടാഖടിയന്മാർ കൂടെയുണ്ടായിട്ടും ഇനി സ്വന്തം കാര്യം കുറച്ചു ദിവസത്തേക്കാണെങ്കിലും താൻ തന്നെ നോക്കേണ്ടി വരുമല്ലോ എന്നായപ്പോ മടിയില്ലെങ്കിലും ജീവിതം മുഴുവനായും അങ്ങനെയായിത്തീർന്നപോലൊരു മ്ലാനത. ലവന്റെ ഭാഷയിൽ പറഞ്ഞാൽ ആകെപ്പാടെ ഒരു ‘അവ്യാകൃതം‘.

കുട്ടനും ഞാനും ആദ്യം പ്ലാനിട്ടു. ചാടിയാലോ? വേണ്ട. നാണക്കേടാവും. കണ്ണനാണെങ്കിൽ ആറ്റുനോറ്റ് കിട്ടിയതുമാണു. എന്തായാലും രണ്ടിലൊന്നറിയാം.തുടരട്ടെ എന്നു വിചാരിച്ചു പ്രകാശേട്ടന്റെ പഴയ വീട് മാസം ആയിരത്തഞൂറിനു വാടകയ്ക്കെടുത്തു താമസം തുടങ്ങി. മുറ്റത്തു ഏതൊക്കെയോ മൂർത്തികളുടെ ഒരു കൊച്ച് ആലയമുണ്ട്. വെള്ളമടി,പുലഭ്യം,തുടങ്ങിയ മാന്യമായ ഇടപാടുകളൊന്നും നടത്താതിരിക്കാൻ പ്രകാശേട്ടനും പുള്ളീടെ ബന്ധുക്കളായ ഞങ്ങളുടെ അയൽക്കാരും നിറം അഥവാ നിണം പിടിപ്പിച്ച കഥകൾ വന്ന ദിവസം തന്നെ ഉപ്പും തൈരും കൂട്ടി വിളമ്പിയൂട്ടി. അല്പം മുളകും. മഴയും ഇടിയുമുള്ള വെട്ടമില്ലാത്ത രാത്രികളിൽ ചോരുന്ന മേൽക്കൂരയ്ക്ക് താഴെ എന്തു വേണ്ടൂ എന്നറിയാതിരിക്കുമ്പോൾ തൊട്ടു കൂട്ടാൻ!

മാസാമാസം തലയ്ക്കഞ്ഞൂറ് വെച്ചു പോകണമല്ലോ എന്നാലോചിച്ചു നടക്കുമ്പോഴാണു സെക്കൻഡ് ലിസ്റ്റ് ഇട്ടതും അതിലൂടെ പ്രേമേട്ടനും രാജേട്ടനും തല ചായ്ക്കാനൊരിടവും ചോദിച്ചു മുന്നിൽ വന്ന് പെട്ടത്. അങ്ങനെ അഞ്ച്  ഷോഡകളും കൂടി മാഷമ്മാരാവാനുള്ള വട്ടക്കണ്ണടയ്ക്കും കാലൻ കുടയ്ക്കുമായുള്ള ജൈത്രയാത്ര തുടങ്ങി. രാജേട്ടൻ മൂത്ത് മുരടിച്ച ആളായിരുന്നതിനാൽ സന്ധ്യ മയങ്ങിയ ശേഷമുള്ള അങ്ങേർടെ വ്യക്തിത്വ വികസന ക്ലാസ്സുകളിൽ ഞങ്ങൾ അച്ചടക്കമുള്ള കുട്ടികളായി. രണ്ടു ദിവസം കഴിഞപ്പോൾ കുട്ടൻ നഖത്തിന്റെ തുമ്പത്ത് നിന്നും അച്ചടക്കം കടിച്ചു പറിച്ചു കളയാൻ തുടങ്ങി. പ്രേമേട്ടൻ ഇടയ്ക്കു ഒരോ പടക്കമെറിയുന്നതു കൊണ്ടു വീണ്ടും പിടിച്ചു നിന്നു. അങ്ങനെ പഠിത്തം വഴിപാടാക്കി തീർക്കാൻ നോമ്പെടുത്തിരുന്ന ഞങ്ങൾക്കിടയിൽ രാജേട്ടൻ ടൈം ടേബിൾ അവതരിപ്പിച്ചു.


രാവിലെ 5 മണിക്കു- എണീക്കണം
7 മണി വരെ പഠനം.
9 വരെ ആളാം വീതം പാചകം.
9.30 കെട്ടും കെട്ടി ശബരിമലയ്ക്ക്.
വൈകിട്ട് നാലു മണീക്ക് വന്നാൽ അര മണീക്കൂറ് വിശ്രമം.
6.30 വരെ തുണി നന,കുളി.
7 വരെ കൂട്ടപ്രാർത്ഥന
8 വരെ കൂട്ടപാചകം. തുടർന്ന് അത്താഴം.
8.30 മുതൽ പഠനത്തോട് പഠനം.
11 മണീക്ക് കൂർക്കം.


ഛേയ്! ഇയാളെ കൂടെക്കൂട്ടാൻ കൊള്ളില്ല. ഞാനും കുട്ടനും കണ്ണുകളിൽ കൂടി മുദ്രാവാക്യം വിളിച്ചു. പ്രേമേട്ടൻ താളം പിടിച്ചു. കണ്ണൻ രാജേട്ടനെ മനസ്സിൽ ഗുരുവായി വരിച്ച് നിയമാവലി മുഴുവൻ പട്ടികയാക്കി എഴുതി വരച്ച് ഭിത്തിയിലൊട്ടിച്ചു.

പക്ഷേ രാജേട്ടൻ ഞങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ടവനായി.

ഭിത്തിയിൽ ഒട്ടിയിരുന്ന ടൈം ടേബിളിനെയും ഒട്ടിച്ച കണ്ണനെയും സാക്ഷിയാക്കി രാജേട്ടൻ 8 മണീ വരെ നിദ്രാദേവിയെ പൂജിച്ചു. ഏതാണ്ട് എല്ലാ ദിവസവും അദ്ദേഹത്തെ വിളിച്ചുണർത്താൻ എനിക്കു ദൈവനിയോഗം ഉണ്ടായി. 5 മണീക്കു എണീറ്റതു കുട്ടൻ മാത്രം. നാട്ടിൽ താലോലിച്ചു പഠിച്ച കരാട്ടെ പാഠങ്ങൾ സാധകം ചെയ്യാൻ! ഞങ്ങളും എണീറ്റില്ല എന്നു പറയാൻ പറ്റില്ല. ഉണർന്ന് കിടക്കും.പാതി ബോധത്തിൽ. അവന്റെ പൊണ്ണൻ ശരീരം കാലും കയ്യും നാലു പാടും പറിച്ചെറിഞ്ഞ് നഞ്ചക്കും വീശി ആ പഴയ വീടിന്റെ അകത്തളം നിറഞ്ഞ്  പറന്ന് നടക്കുമ്പോൾ സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല. ആ കാലെങ്ങാനും ഭിത്തിയിൽ കൊണ്ടാൽ ഞങ്ങൾ വീടോടെ അടയാവും. നെഞ്ചത്തു കയറി കുറത്തിയാട്ടം നടത്തുന്ന കൊച്ചുമോനോടു മുത്തശ്ശി  ക്ഷമിക്കുന്ന പോലെ ആ വീട് എല്ലാം ക്ഷമിച്ചു. സഹിച്ചു.കണ്ടുകൂട്ടിയ നിരാശാജനകങ്ങളായ സ്വപ്നങ്ങളൊക്കെയും അർത്ഥബോധാവസ്ഥയിൽ കിടക്കുന്ന ആ സമയത്ത് സാർത്ഥകമാക്കാൻ ഞാൻ കിണഞ്ഞ് ശ്രമിക്കാറുണ്ടായിരുന്നു.


ഉച്ച ഭക്ഷണത്തിനായി മാത്രം കുറച്ച് അരിയും കടല കൊണ്ടു ഒരു തോരനും രസവും(?) ഉണ്ടാക്കി വെച്ച് പ്രകാശേട്ടന്റെ കടയിൽ പോയി പുട്ടടിച്ച് കോളേജിലേക്ക് ഗമിക്കും. ഹിന്ദിക്കാരായിരുന്നു സഹപാഠികളിൽ ഏറെയും. മിക്കവാറും ജന്മിമാരുടെ കുടുംബത്തിൽ നിന്നു വന്നവർ. കാശിങ്ങനെ വീശീ വീശീ കാറ്റ് കൊള്ളുന്നവർ. എന്താ ഏതാന്നറിയാതെ എല്ലാം തലകുലുക്കി സമ്മതിച്ചു കൊടുത്ത് എല്ലാ ക്ലാസ്സുകളിലും ഞങ്ങൾ മിടുക്കരായി.

വൈകുന്നേരങ്ങളിൽ ചായ കുടിച്ച് വീട് പുൽകി സാമാനങ്ങൾ വെച്ച് പൂട്ടിയിറങ്ങിയാൽ അടുത്ത വണ്ടി പിടിച്ച് ത്രിശ്ശിവപേരൂരെത്തും. റൌണ്ട് മുഴുവനും വെടിവട്ടം പറഞ്ഞ് നടന്നു തീർത്താൽ വടക്കും നാഥനു ഒരു പ്രദക്ഷിണമായി. പിന്നെ  കടലയും കൊറിച്ച് തേക്കിൻ കാട് മൈതാനത്തിന്റെ ഒത്തൊരു മൂലയിൽ ആകാശം നോക്കി കഥകൾ മെനഞ്ഞും കദനങ്ങൾ കമഴ്ത്തിയും മണ്ടത്തരങ്ങൾക്കു മഹാഭാഷ്യം ചമച്ചും ഏതാണ്ടു 8.00 മണീ വരെ നീണ്ടു നിവർന്ന് കിടക്കും. അല്ലെങ്കിൽ ഫസ്റ്റ് ഷോയ്ക്ക് കയറും. ഏതായാലും ആ ഒരു വർഷം നഗരത്തിൽ വന്നിട്ടുള്ള എല്ലാ പടങ്ങളും ജാതി-മത-വർഗ്ഗ-ലിംഗ-രാഷ്ട്രീയ-വംശീയ-ഭാഷാ-മൂല്യ-തറ ഭേദമെന്യെ ഞങ്ങൾ കണ്ടു തീർത്തു. തട്ട് ദോശയിൽ ഉറക്കത്തിന്റെ സമാധാനത്തെ കണ്ടെത്തി അവസാന ബസ്സിൽ തിരികെയെത്തിയാൽ കുളിച്ചാൽ കുളിച്ചു. പുസ്തകങ്ങൾ ഇല്ലാതിരുന്നതിനാൽ നോട്ടുകളിലെ വരിയെണ്ണീ വെച്ച് ദിവസം അവസാനിപ്പിക്കും. അപ്പോഴും ഭിത്തിയിലൊട്ടിച്ച ടൈം ടേബിൾ കമ്മ്യൂണിസ്റ്റ് ചൈനയിലെ രാജാവിനെപ്പോലെ എളിക്ക് കയ്യും കൊടുത്ത് ഇരുന്നു.


എല്ലാ ദിവസവും ഞങ്ങൾക്ക് ഇങ്ങനെ ജീവിക്കാൻ ആവശ്യത്തിനു പണം എവിടാരുന്നെന്നു ചോദിക്കാതിരിക്കാൻ വേണ്ടിയാണു ആദ്യം തന്നെ സഹപാഠികളായ ജന്മികുമാരന്മാരായ ഹിന്ദിക്കാരെ പറ്റി പറഞ്ഞത്.അവർ അങ്ങേയറ്റം ദയവായ്പ്പുള്ളവരായിരുന്നെന്ന് വേണമെങ്കിൽ പ്രത്യേകം സൂചിപ്പിച്ചേക്കാം. ‘’ഭായ്, ബഹുത് കഷ്ട് ഹേ! ഫിഫ്റ്റി റുപ്പീസ് ഹേ തോ ആജ് ചലേഗാ” എന്ന് ഞങ്ങൾക്ക് ഹിന്ദിയിൽ പറയാനും ഒക്കെ അറിയാം..ഹാ! ചുമ്മതൊന്നുമല്ല! ഞങ്ങൾക്ക് അന്നദാനപ്രഭുക്കന്മാരായിരുന്ന കരുണാപയോധികളെ ഞാൻ ഈ അവസരത്തിൽ പ്രത്യെകം ഓർമ്മിക്കട്ടെ!


അതവർക്ക് സന്തോഷം നിറഞ്ഞ കാര്യമായിരുന്നു. വല്ലപ്പോഴും വല്ലതും തിരിച്ചു കൊടുത്താൽ ഞാൻ ചോദിച്ചില്ലല്ലോ എന്നു തിരിച്ചു ചോദിച്ച അവർ ക്രമേണ ഞങ്ങളെ വീട്ടിൽ തമ്പടിക്കാൻ നിർബന്ധിതരാക്കി. നനഞ്ഞടം തന്നെ കുഴിക്കരുതല്ലോ! മുഴുവൻ നനഞ്ഞു പോയിഷ്ടാ!
അങ്ങനെ തള്ളിയും ഉന്തിയും ടീച്ചിംഗ്  പ്രാക്ടീസ്  വരെ കഴിച്ചു വിട്ടു. ഇനി ഒരു പ്രാക്ടിക്കൽ ഉണ്ട്. കമ്മീഷൻ വന്നു ക്ലാസ്സിൽ സംഭവിക്കുന്ന പ്രതിഭാസങ്ങളെ പറ്റി തെളിവെടുപ്പുണ്ടാകും. പ്രതിഭാസങ്ങൾ പണി തരാതിരിക്കണമെങ്കിൽ ഇച്ചിരെയൊക്കെ ഇത്തവണയെങ്കിലും കഷ്ടപ്പെടണം. അധികമൊന്നും വേണ്ട. ഒരു  മോഡലും കുറച്ചു ചാർട്ടും. സുനാമിയടിച്ച കാലമായിരുനതിനാൽ ചില ഹിന്ദിക്കാർ സുനാമി അടിച്ചു കയറി വരുന്ന മോഡൽ ഉണ്ടാക്കി. 5 ദിവസത്തെ തച്ചാവും. ഇങ്ങനെ ഉറക്കമിളച്ചും കാപ്പി കുടിച്ചും ഞങ്ങൾ കാര്യങ്ങൾ ഒരുക്കിയിരിക്കേ ഒരുത്തൻ മാത്രം താടയ്ക്കു കയ്യും കൊടുത്തിരുന്നു.കുട്ടൻ!.കാപ്പി കുടിക്കൽ മുറയ്ക്കു നടത്തി. കമ്മീഷന്റെ തലേന്നും ഇരിപ്പു അനന്തസുന്ദരമായി നീണ്ടപ്പോൾ ഞങ്ങൾ സീരിയസ്സായി ചോദിച്ചു.

“അപ്പോ ഒരു മോഡൽ പോലും നിനക്കൊണ്ടാക്കാൻ പറ്റുകേലേ?”

“ഓ എന്നെക്കൊണ്ടും മെനക്കെടാൻ പറ്റത്തില്ല”
“പിന്നെ മഹാനുഭാവൻ നാളെ എന്തു ചെയ്യാൻ പോണു.”
“ആ..വഴിയൊണ്ട്”
ഭീകരമായ ആ വഴി ഏതെന്നു ഒരെത്തും പിടിയും ഞങ്ങൾക്ക് കിട്ടിയില്ല!

സുപ്രഭാതം പൊട്ടിയും പൊളിഞ്ഞും വിടർന്നു.

രാവിലെ ഞങ്ങൾ ഉണർന്നപ്പോൾ മേശമേൽ കുത്തിപ്പിടിച്ചിരുന്നു അന്ന് അവതരിപ്പിക്കേണ്ട ലെസ്സൺ പ്ലാൻ തയ്യാറാക്കുകയാണു കുട്ടൻ! അതിന്റെ മുന്നോടിയെന്നോണം കരാട്ടെ സാധകത്തിനു അവധി കൊടുത്തു.  ശ്രീകൃഷ്ണ വിലാസം കാവ്യത്തിലെ ഒരു ശ്ലോകം. ക്രിയാരൂപങ്ങളുടെ ചാർട്ട് റെഡിയാണു. പണ്ടെന്നോ എഴുതിയതു.

“കൊള്ളാമല്ലോടേ അപ്പോ മോഡൽ?”
‘ആ സംഘടിപ്പിക്കണം. ഞാനിത്തിരി നേരത്തെ പോകുവാ. സ്കൂളിലോട്ട് വന്നേക്കാം.”

കുളിച്ചു കുട്ടപ്പനായി കുട്ടൻ ഒരു കട്ടൻ പോലും അടിയ്ക്കാതെ കയ്യിൽ കിട്ടിയതെല്ലാമെടുത്തു കടന്നു പോയി. ആർക്കും ഒരെത്തും പിടിയും കിട്ടിയില്ല.

സ്കൂളിലെത്തിയപ്പോ പിന്നെ കുട്ടന്റെ മോഡലിനെപ്പറ്റി അന്വേഷിക്കാനുള്ള സമയം കിട്ടീല്ല. കമ്മീഷൻ തുടങ്ങി. എന്റെത് ആദ്യം തന്നെ തീർന്നു. തകർത്തഭിനയിച്ചതിനാൽ കമ്മീഷനെ മൈൻഡ് ചെയ്യാൻ പറ്റാത്തതു രക്ഷയായി. സമാധാനത്തോടെ പ്രോപ്പർട്ടിയെല്ലാം സ്റ്റാഫ് റൂമിൽ കൊണ്ടു വെച്ചു ബാക്കിയുള്ളവരുടെ പ്രകടനം കാണാൻ  ഇറങ്ങി. പാത്തും പതുങ്ങിയും ക്ലാസ്സുകളുടെ ഓരത്തു ചെന്നു നിന്ന് ശ്രദ്ധിച്ചു. ഒപ്പം ഉണ്ടായിരുന്ന ഒരു ചേച്ചി ക്ലാസ്സിൽ നിന്നും കരഞ്ഞോണ്ട് ഇറങിയ്യോടുന്നു. കമ്മീഷൻ എന്തോ ചോദിച്ചത്രേ! കരയാൻ മാത്രം ഇതെന്ത്? ഓ..... ഒരു കാരണം വേണ്ടേ? അടുത്ത ക്ലാസ്സിലെ പമ്മലിനു കാരണം പിള്ളേർ എന്തോ ചോദിച്ചതാണു. പിന്നൊരിടത്ത് തെർമ്മോക്കോളിൽ ഉണ്ടാക്കിയ മോഡലിനു മേലേക്കു പീള്ളാർ വന്ന് പൊതിഞ്ഞു വീണതിനാൽ കണ്ട മ്ലാനത. അങ്ങനെ കൂട്ടത്തിൽ കഴിഞ്ഞവരെയും കൂട്ടി അവസ്സാന ക്ലാസ്സിൻ പടിയിൽ. കുട്ടൻ!
കുട്ടൻ ക്ലാസ്സ് തുടങ്ങി. കമ്മീഷൻ മുൻ ബഞ്ചിൽ വന്നിരുന്നു. നഞ്ചക്കെറിയും പോലെ ചോദ്യങളെറിഞ്ഞ് അവൻ പിള്ളേരുടെ പൂർവ്വജ്ഞാനം പരീക്ഷിച്ചു. പ്രസ്താവന കഴിഞ്ഞു. ശ്ലോകം ചൊല്ലി. ബാലലീലയാണു. കൃഷ്ണവർണ്ണന കഴിഞ്ഞാൽ മോഡൽ കാട്ടണം. എന്താണിവന്റെ മോഡൽ? ഉറിയാവുമോ? അതോ തയിർ കടയുന്നതോ? അതോ അന്നത്തെ വേഷവിധാനങ്ങളോ? രാവിലത്തെ രണ്ട് മണിക്കൂറ് കൊണ്ടു ഇവൻ എന്തു കുന്തമാണു സംഘടിപ്പിച്ചതു? ഞങ്ങൾ ആകാംക്ഷാഭരിതരായി.

കുട്ടൻ മേശയ്ക്കരികിലേക്ക് നീങ്ങി, താഴെ വെച്ചിരിക്കുന്ന കൂടിൽ നിന്ന് മോഡൽ എടുത്തു. പൊക്കി. എന്നിട്ട് എട്ടാം ക്ലാസ്സിലെ കുട്ടികളോടു അസംദിഗ്ധമായി ഉറക്കെ പ്രഖ്യാപിച്ചു.

“ഇതാണു മക്കളേ........കൃഷ്ണൻ!.“

കുട്ടന്റെ കയ്യിൽ സാമാന്യം കൊള്ളാവുന്ന ഒരു കൃഷ്ണവിഗ്രഹം. ഏതോ വീടിന്റെ ഷോക്കേസിൽ ഇരുന്നത്. ഞങ്ങൾ അന്തിച്ചു. കമ്മീഷൻ ഒന്നും മിണ്ടുന്നില്ല. മോഡൽ കാട്ടി ക്ലാസ്സ് വിജയകരമായി പൂർത്തിയാക്കി കുട്ടൻ സ്റ്റാഫ് റൂമിൽ വന്നിരുന്നു. കയ്യിൽ കൂടുമുണ്ട്.

എങ്ങനുണ്ടാരുന്നെടാ?
ഓ..! കഴിച്ചുകൂട്ടി.

കമ്മീഷൻ വരുന്നു. ഞങ്ങൾ എണീറ്റു. അദ്ദേഹം ഞങ്ങളെ ആകെ ഒന്നു നോക്കി. കരഞ്ഞോണ്ടോടിയ ചേച്ചി മുഖം തുടച്ചും മൂക്കു പിഴിഞ്ഞും മാറി നിന്നു. കുട്ടന്റെ അടുക്കലേക്കു ചെന്ന അദ്ദേഹം കയ്യിലൂണ്ടാരുന്ന വസ്തുവകകൾ മേശപ്പുറത്തു വെച്ചു.കുട്ടനെ മാത്രം നോക്കി ശബ്ദം താഴ്ത്തി പറഞ്ഞൂ.

‘എടോ..............  കൃഷ്ണൻ എന്ന് കേട്ടാൽ വയറ്റീക്കെടക്കുന്ന കൊച്ചിനു വരെ മനസ്സിലാകും, അത്യാവശ്യം സകല തല്ലുകൊള്ളിത്തരോം ഉണ്ടാരുന്ന ഒരു അവതാരമാരുന്നൂന്ന്. താനെന്താ ചൊവ്വേലാണോ പഠിപ്പിക്കാൻ പോണത്? ഹും!

കുട്ടൻ ഭാവവ്യത്യാസമില്ലാതെ നിന്ന് നിഷ്കളങ്കമായി ചിരിച്ചു കാണിച്ചു. കരഞ്ഞോണ്ടു നിന്ന ചേച്ചിക്ക് ചിരി പൊട്ടി. പിന്നെ അതു ഏങ്ങലടിച്ചതാക്കി മാറ്റി. കമ്മീഷൻ തൊറ്റു മടങ്ങി.

‘സമ്മതിച്ചളിയാ!‘

ആ മഹത്തായ സാഹസത്തിനു ശേഷം ഞങ്ങളെല്ലാം കോളേജിലെത്തി. ബാക്കി കീടങ്ങൾക്കു കണ്ടു പഠിക്കാൻ മോഡലുകളും ചാർട്ടുകളുമൊക്കെ ഹാളിൽ പ്രദർശിപ്പിക്കണം. പിറ്റേന്നേ എടുക്കാനൊക്കൂ! നിരത്തിവെച്ച മോഡലുകൾക്കിടയിൽ ഗോപികാപരിവേഷ്ടിതനെപ്പോലെ കുട്ടന്റെ കൃഷ്ണൻ ശോഭിച്ചു. നാളെ തിരിച്ചു കൊടുക്കാം.!

വല്ലാത്തൊരാശ്വാസത്തോടെ അന്ന് കിടന്നുറങ്ങി.

പിറ്റേന്ന് പതിവു പോലെ കോളേജിലെത്തി ഹാളിൽ കയറി.അവനവന്റെ മോഡലുകളും ചാർട്ടുകളും തിരികെ അലക്ഷ്യമായി പെറുക്കിക്കൂട്ടാൻ തുടങ്ങി. ഒരുവിധം ബഹളമെല്ലാം ഒതുങ്ങിയപ്പോളുണ്ട് കുട്ടൻ പഴയ പോലെ നിർന്നിമേഷനും നിർവ്വികാരനുമായി എളിക്ക് കയ്യും കൊടുത്ത് നിൽക്കുന്നു.

‘എന്താടാ?’ 

‘ഓ, നമ്മടെആളെ കാണണില്ല’!

ഇന്നലെ രാത്രി സഞ്ചാരത്തിനു പോയിട്ടു വല്ല പിച്ചിയുടേം മന്ദാരത്തിന്റേം തുളസീടേം ചൊവട്ടിൽ കെടന്നുറങ്ങുന്നുണ്ടാവും എന്ന സംശയത്തിൽ കോളേജിലെ എല്ലാ തുളസി(?)കളോടും പിച്ചി(ച്ച)കളോടും മന്ദ‌‌--രങ്ങളോടും.....

‘’കണ്ടോരുണ്ടോ എന്റെ കണ്ണനെ
നീലത്തണ്ടാരണി മണിവർണ്ണനെ
കണ്ടാൽ കൊതിക്കുമെൻ കണ്ണനെ
നിങ്ങൾ കണ്ടായോ താമരക്കണ്ണനെ?

എന്നും പാടിക്കൊണ്ട് ഞങ്ങൾ കോളേജിന്റെ ഇടനാഴികൾ തോറും നടന്നു. ഒരു ഗോപികയ്ക്കും അറിയില്ല. കണ്ണനെ കിട്ടിയവർ കൊടുക്കില്ലല്ലോ!
എന്തു ചെയ്യും? കുറച്ചു ദിവസം കൂടി അന്വേഷിച്ചു നോക്കാം. തൽക്കാലം ഉടമകളുടെ വീട്ടിനു മുന്നിലൂടെ പോകണ്ട. ഏതോ ഒരു പരിചയക്കാരൻ ചേട്ടൻ മറ്റൊരു വീട്ടിൽ നിന്നും ഒപ്പിച്ചു കൊടുത്തതാണു. അവനും പെട്ടു ആ ചേട്ടനും പെട്ടു.


അന്നേ ദിവസം ഇരുട്ടി വെളുത്തു.

രാവിലെ അഴിയിട്ട ദുർബ്ബലമായ വാതിലിലെ ശക്തമായ മുട്ട് കേട്ടാണു ഞാൻ ഉണർന്നത്. 6 മണീയായിക്കാണും. വെട്ടം വീണു തുടങ്ങി. ആടിയെണീറ്റ് ചെന്ന് വാതിൽ തുറന്നു. പരിചയമില്ലാത്ത ആളാണു.പത്ത്മുപ്പത്തെട്ട് വയസ്സു കാണും.മുറ്റത്തൊരു സൈക്കിൾ സ്റ്റാൻഡിൽ കയറ്റി വെച്ചിട്ടുണ്ടു.

“എന്തേ?”
“നിങ്ങളല്ലേ ബി.എഡ്’നു പഠിക്കണതു?”
“അതെ”
“ആരാ കുട്ടൻ?”

അന്നെന്തോ സാധകം ചെയ്യാനെണീക്കാതെ എന്തോ പ്രതീക്ഷിച്ച പോലെ കിടന്ന കിടപ്പാണു കുട്ടൻ. ഞാൻ വിളിച്ചെണീപ്പിച്ചു കൊണ്ടുവന്നു.

“ആ ചേട്ടനാരുന്നോ,എന്നാ ഒണ്ട് വിശെഷം?”
“വിശേഷം ചോദിക്കാനല്ല വന്നേക്കണെ, തനിക്കെന്താ ഒരു ഉത്തരവാദിത്തമില്ലെ? വാങ്ങിച്ചോണ്ടു പോയ സാധനം വീട്ടിൽ കൊണ്ടു തരാണ്ടു തോന്ന്യാസം കാട്ടണതു.ഇങ്ങെടുത്തേ ഞാൻ കൊണ്ടൊക്കോളാം”

നന്ദഗോപർ ഇത്രേം വേഗം കണ്ണനെ തിരക്കി എത്തുമെന്നു ഞങ്ങളാരും പ്രതീക്ഷിച്ചില്ല. കുട്ടൻ ഉമ്മറത്തിണ്ണയിലേക്കിറങ്ങി നിന്നു.

“അതേ..ചേട്ടാ! സാധനം എത്രേം പെട്ടീന്നെത്തിക്കാം.ഒരബദ്ധം പറ്റി.ആരോ കൊണ്ട്പോയിക്കളഞ്ഞു.ഞങ്ങൾ അന്വേഷിക്കുന്നുണ്ടു”
“ന്തൂട്ടാ? കളഞ്ഞൂന്നോ?ന്താണ്ടാ പറയണത്?മര്യാദയില്ലാണ്ട്?”

നന്ദഗോപന്റെ ഒച്ച പൊങ്ങിത്തുടങ്ങി. ഉറങ്ങിക്കിടന്നവരെല്ലാം ചാടിയെണീറ്റ് കണ്ണും തിരുമ്മി വന്ന് ഇരിപ്പായി. ഞങ്ങൾ മാത്രമല്ല.അയലോക്കംകാരും. മകനെ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദനയും അമർഷവും തനി നാടൻ ഭാഷയിൽ ഞങ്ങളെ കമ്മീഷൻ ചെയ്തു.

അരമണീക്കൂറോളം നീണ്ടു ആ വിഗ്രഹത്തിന്റെ ചരിത്രപശ്ചാത്തലവും സമകാലികപ്രാധാന്യവും. വീട്ടിലെ വിളക്ക് തെളിയണമെങ്കിൽ ആ വിഗ്രഹം വേണം. അല്ലേൽ കത്തൂല്ല. അമ്മൂമ്മ നാമം ജപിച്ചിട്ട് രണ്ട് ദിവസമായി. അപ്പൂപ്പൻ പോയിട്ട് പോലും ഇത്രയും വിരഹദു:ഖം അനുഭവിച്ചിട്ടില്ല.കഞ്ഞി വെക്കാൻ കൈ തളരുന്ന ഭാര്യ. വെച്ചാൽ തന്നെ കുടിക്കാനായി ഒരു കുമ്പിൾ കോരി ചുണ്ടോടടുപ്പിക്കുമ്പോൾ കണ്ണന്റെ വിശന്നു വലഞ്ഞ മുഖം ഓർമ്മ വരും. പട്ടിണി കിടന്നു ചാവാൻ തീരുമാനിച്ച് കുളിയും നനയുമില്ലാതെ വഴിക്കണ്ണുമായി വാതിൽ‌പ്പടിക്കൽ കുത്തിയിരിക്കാൻ തുടങിയിട്ട് നാഴികകൾ ഒട്ടേറെ കഴിഞ്ഞിരിക്കുന്നു. ഒരു ദിവസത്തിന്റെ ‘ജനഗണമന...’ പോലെ ഒൻപതു മണീയോടെ ഉയർന്നു കേട്ടിരുന്ന “അശകുശലേ പെണ്ണുണ്ടോ...പെണ്ണീനു മിന്നുണ്ടോ.....” എന്നു ഒപ്പം പാടിയിട്ട് യുഗാന്തരങ്ങൾ പിന്നിട്ട പോലെ തോന്നുന്നു. ഇല്ല...ഇനി താങ്ങാൻ വയ്യ....”പറയ്ടോ എന്നു കൊണ്ടത്തരൂന്ന് ചോദിക്കണില്ല. നാളെ വൈകണതിനു മുമ്പ് വിഗ്രഹം വീട്ടിലെത്തണം..അല്ലേൽ സ്വഭാവം മാറും പറഞ്ഞേക്കാം....”

മിണ്ടാതെ നിക്കുന്ന കുട്ടന്റെ സ്വഭാവം മാറല്ലേ ദൈവങ്ങളേന്നാരുന്നു എന്റെ പ്രാർത്ഥന.അയാൾ സൈക്കീളെടുത്തു പോയി. അയലോക്കംകാർ കേറി വന്നു.’എന്താ സംഭവം? വിശദീകരിക്കാൻ കുട്ടനെ തന്നെ ഏർപ്പെടുത്തി. “വെക്കം കൊണ്ട് കൊടുത്തോട്ടോ അയ്യാളൊരു മൊശകോടനാ!”

അന്വേഷണം അന്നും നടന്നു. കുട്ടനു വല്യ താല്പര്യമൊന്നും കണ്ടില്ല.അനുവദിച്ച സമയപരിധി കഴിഞ്ഞു. പിറ്റേന്ന് രാവിലേ വീണ്ടും മുട്ട് കേട്ടു. ഞാൻ വാതിൽ തുറന്നു.കണി മോശം. കുട്ടാ! കുട്ടൻ എണീറ്റ് വന്ന് നിന്നു.

“എവ്ടെ?”
“അതേ...കിട്ടീല്ല ചേട്ടാ..”

പാരായണം തുടങ്ങി. എല്ലാരും എണീറ്റു.വന്നിരുന്ന് കേട്ടുകൊടുത്തു. ഒരു പുതിയ ഡെഡ് ലൈൻ തന്നിട്ട് സൈക്കിളുമെടുത്ത് അയാൾ പോയി.പിന്നീടുള്ള കുറേ ദിവസങ്ങളായി നന്ദഗോപരുടെ സുപ്രഭാതം കേട്ട് കൃത്യം 6 മണിക്കു ഞങ്ങൾ എണീറ്റു.ആദ്യമാദ്യം കുട്ടനു കൂട്ട് ചെല്ലുമായിരുന്നെങ്കിലും പിന്നെപിന്നെ അവൻ മാത്രം നിന്ന് കേൾക്കും,ഞങ്ങൾ പല്ലു തേയ്ക്കും, നനയ്ക്കും, പുലഭ്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന അവനു പേസ്റ്റും ബ്രഷും കൊണ്ടുക്കൊടുക്കും ,അവൻ ആസ്വദിച്ചു ദന്തധാവനം ചെയ്യുകയുമായി.

“ഇനിയെന്റെ പട്ടി അന്വേഷിക്കും.പുല്ല്! പറഞ്ഞാൽ മനസ്സിലാകത്തില്ലേ? വേറൊരെണ്ണം വാങ്ങിക്കൊടുക്കാം”

തീരുമാനമായി കുട്ടനു. സന്തോഷം. അന്നു വൈകിട്ട് ആഘോഷമായി ഗുരുവായൂർക്ക്. മുക്കാൽ മണിക്കൂർ കഷ്ടി യാത്രയേ ഉള്ളൂ. തൊഴുതിറങ്ങി ഒരു കൃഷ്ണവിഗ്രഹവും വാങ്ങി പോന്നു. പിറ്റേന്നു രാവിലേ മുട്ടിയപ്പോൾ നന്ദഗോപരെ എതിരേറ്റത് കയ്യിൽ പുഞ്ചിരി തൂകുന്ന കൃഷ്ണ വിഗ്രഹവുമായി നിൽക്കുന്ന കരാട്ടേ സാധകം ചെയ്തു വിയർത്ത കുട്ടനാണ്.

“ന്തേ?”

“ഇന്നാ പിടി! ഞാൻ കൊണ്ടുപോയി കളഞ്ഞ ചേട്ടന്റെ കൃഷ്ണനു പകരം നല്ല പുതു പുത്തൻ ഗുരുവായൂർ കൃഷ്ണൻ”

അതൊന്നു തൊടാൻ പോലും കൂട്ടാക്കാതെ നന്ദഗോപർ തുള്ളി.

“നീ തന്നെയങ്ങട് വെച്ചാ മതി. എന്റെ കൃഷ്ണൻ ഇങ്ങനത്തെ ദാരിദ്ര്യം പിടിച്ചതൊന്നുമല്ലാരുന്നു. ഇതു വെറും പൾപ്പ്. ഞാനതു ഖാദീന്ന് തേടി നടന്ന് കഷ്ടപ്പെട്ട് വാങ്ങി വെച്ചതാണു........”
മൂഷികസ്ത്രീ  വീണ്ടും  മൂഷികസ്ത്രീ ആയി.

എന്തു ചെയ്യും? എന്തേലുമാകട്ടെ. അന്നു വൈകിട്ട് ത്രിശ്ശൂർക്ക് വണ്ടി കയറി. ഖാദി തപ്പി കണ്ടു പിടിച്ച് ഒരു കൃഷ്ണനെ വാങ്ങി. ആകെയൊരെണ്ണം മാത്രം.അതിനാണെങ്കിൽ ചെറിയൊരു കള്ള ലക്ഷണം. കവിളത്തു നെല്ലിക്കാ കൊള്ളുന്ന പോലെ ഒരു മുഴ. ആ കട്ടു തിന്നപ്പോ ആരേലും വരുന്ന കണ്ടു കവിളിലൊളിപ്പിച്ചതാരിക്കും എന്നു സമാധാനിപ്പിക്കാം. വേറെ ഉടനെയെങ്ങൂം വരാൻ വഴിയുമില്ല. അതും വാങ്ങീ പോന്നു.

പിറ്റേന്നു രാവിലെ പതിവു പോലെ ദിവസപ്പടി തരാൻ ആളെത്തി. തൊള്ള തുറക്കുന്നതിനു മുൻപേ കൃഷ്ണനെ കയ്യിലേക്കു കൊടുത്തു.

“എന്റെ പൊന്ന് ചേട്ടാ...ദേ ഖാദീലെ തന്നെയാണു. ഇന്നാ ബില്ല്. വിശ്വാസമായല്ലോ.. ഇനിയെങ്കിലും ഞങ്ങളെ ഒന്നു വെറുതെ വിടണം. പറ്റിപ്പോയതാണു. ക്ഷമി! ചേട്ടൻ ഒന്ന് തൃപ്തിപ്പെട്..’‘
ആകെയൊന്ന് മറിച്ച് തിരിച്ച് നോക്കി അയാൾ നീരസം പ്രകടിപ്പിച്ചു. “ഇതൊന്നും ശരിയാവില്ല... ഇതും കൊണ്ടെങ്ങനെയാ ഞാൻ വീട്ടിച്ചെല്ലണെ? എനിക്ക് എന്റെ തന്നെ വേണം...”

അന്നു വരെ കേൾവിക്കാരനായിരുന്ന രാജേട്ടൻ റെയ്സായത് പെട്ടെന്നായിരുന്നു. “ഇനിയൊരു കുന്തോമില്ല. കൊറെക്കാലമായി സഹിക്കുന്നു. ചേട്ടനും ചേട്ടന്റെ ഒരു കൃഷ്ണനും. അതെന്താ ദേവലോകത്തൂന്ന് വന്നതാണോ? ഇപ്പം തരാൻ സൌകര്യവില്ല. ഇത്രെം നാളും ചീത്ത പറഞ്ഞതു വെച്ചു ഇനിയൊട്ട് കിട്ടിയാലും തരുന്നില്ല. ചേട്ടൻ കൊണ്ടു പോയി കേസ് കൊട്. എന്തായാലും നാട്ടുകാർടെ മുമ്പിൽ നാണോം മാനോം പോയി. ഇനീം വിട്ടു തന്നിട്ട് കാര്യവില്ല.ഞങ്ങക്കുവൊണ്ടു വീട്ടിൽ അമ്മേം അമ്മൂമ്മേം ഒക്കെ.........”

അന്തിച്ചു നിന്ന അയാൾ സൈക്കളിന്റെ സ്റ്റാൻഡ് തട്ടി..ആഹ്ഹാ കിട്ടിയാലും തരൂല്ലേ...എന്നും ചോദിച്ച് പോയി അല്പ സമയത്തിനകം കുട്ടനു വിഗ്രഹം വാങ്ങാൻ ഇടനില നിന്ന ചേട്ടനെ കയ്യോടെ കൊണ്ടുവന്നു.  “നോക്കീണ്ടാ.....എന്തൂട്ടാ ഇവറ്റോളു പറേണെന്ന്...നീ സമാധാനം ഒണ്ടാക്കണം ഇപ്പത്തന്നെ...“

. അയൽക്കാരും വന്നു തുടങ്ങി.വാദിഭാഗവും പ്രതിഭാഗവും ശക്തമായി വാദിച്ചു. പതിയെ പതിയെ ഉള്ളവരെല്ലാം ഞങ്ങളുടെ പക്ഷം ചേർന്നു. ഒരു കൊത്ത് അയാൾക്കിട്ട് കൊടുക്കാൻ നോക്കിയിരുന്ന പോലെ. തീരുമാനമായി അവസാനം. ഞങ്ങൾ ഒറിജിനൽ കൃഷ്ണനെ കണ്ടെത്തി തരും വരെ ഈ നെല്ലിക്കാകള്ളനെയും കൊണ്ടു ഉസ്താദ് തൽക്കാലം പോകുക. ഒറിജിനൽ കണ്ടെത്തിയാൽ അതു കൊടുത്തു ഇവനെ തിരികെ വാങ്ങുക. അതുവരെ ഉസ്താദ് ഈ കോമ്പൌണ്ടിൽ കയറുകയോ ഞങ്ങളോട് ഇതിനെപ്പറ്റി സംസാരിക്കുകയോ ചെയ്യാതിരിക്കുക. അങ്ങനെ സഭ പിരിഞ്ഞു. നെല്ലിക്കാകൃഷ്ണൻ സൈക്കിളിന്റെ പിന്നിലിരുന്ന് ഓടക്കുഴലൂതിപ്പോകുന്നതും നോക്കി കുട്ടൻ പറഞ്ഞു


ജൂനിയർ മാൻഡ്രേക്!

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

രസകരമായ അനുഭവം നന്നായി അവതരിപ്പിച്ചു. ആശംസകള്‍!!

ഉപാസന || Upasana പറഞ്ഞു...

ഏഴുകൊല്ലമായി കൂട്ടുകൂടി താമസിക്കുന്നു. ലൈഫ് മുഴുവൻ ഓർക്കാൻ പറ്റുന്ന അനുഭവങ്ങൾ ഇതിനകം കിട്ടിയിട്ടുണ്ട്.

ഹരി അനുഭവക്കുറിപ്പുകളെ കവിഞ്ഞ് കുറച്ചുകൂടി ലക്ഷ്യബോധത്തോടെ എഴുതൂ. ഭാഷ നന്നാണ്. ഭാവനയെ അലഞ്ഞുനടക്കാനും അനുവദിക്കുക
:-)