ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം

ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!

Follow

അഹം ?

എന്റെ ഫോട്ടോ
പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം

2010, ജൂൺ 29, ചൊവ്വാഴ്ച

മഹാശ്വേതാദേവിക്ക്.


പടര്‍ന്നി‍ടുന്നെന്‍ ദേശത്തിന്‍ പാഴ് ഞരമ്പുകള്‍ക്കുള്ളി‍ല്‍
പ്രപഞ്ച മാതൃത്വത്തിന്‍ സ്തന്യം ഭൈഷജ്യം മധുരം

കിരാതവൃത്തിക്കൊടും വിഷം നാടൊടുക്കെയാഴുംപോള്‍
കിനിഞ്ഞിടുന്നാ മുറിവായില്‍ തേന്‍ കണക്കെയാ സ്പര്‍ശം

ഒരിറ്റു ജീവന്‍ വിളഞ്ഞിടാനായ് പണിഞ്ഞൊരീ പാടം
ഒടുക്കമില്ലാ ദുരക്കൊടും കാറ്റൊളിഞ്ഞു കണ്‍ പാര്‍ക്കെ

വിതയ്ക്കെ സ്നേഹാമൃതത്തില്‍ മുങ്ങിക്കിളിര്‍ത്ത ബീജങ്ങള്‍
വിളിയ്ക്കെ വേരിന്‍ പഥം തെളിക്കാന്‍ ഘനാംബുജാലത്തെ

അണഞ്ഞിതാ മേല്ക്കടല്‍രപ്പില്‍ മുകില്‍ത്തരംഗങ്ങള്‍
അരങ്ങുണര്‍ന്നൂ മിഴിഞ്ഞു മണ്ണിന്‍ വരണ്ട കോശങ്ങള്‍

കനത്തൊരാ വാരിദക്കുടം ചാഞ്ഞൊഴിഞ്ഞിടാന്‍ പോകെ
കഠോരമേ പാഞ്ഞടുത്തു പാപക്കൊടും വരള്‍ക്കാറ്റും

തടുത്തു പിന്നെജ്ജലത്തെ തട്ടിപ്പറിച്ചടക്കുന്നു
തറച്ച നോട്ട ച്ചുഴിക്കകത്തേക്കദൃശ്യമാക്കുന്നു

വിശക്തമായ് കേണിടുന്ന വിള്ളല്‍മുഖാന്തശബ്ദങ്ങള്‍
വിരക്തമത്രേയടുത്ത പൊട്ടക്കിണറ്റുകള്‍ക്കെല്ലാം

ഇതായിതായെങ്കിലും നനഞ്ഞീ വയല്‍ക്കുടീരങ്ങള്‍
ഇരുത്തമാര്‍ന്നോരൊഴുക്കു വഴിയെ ത്യജിച്ച നീരത്താല്‍

പുണര്‍ന്നിടുന്നീ പാടത്തെ മണ്‍തരിക്കണത്തെയും
പുതുക്കിടുന്നീ തളര്‍ന്ന ബീജാന്തരങ്ങള്‍ ഓരോന്നും

ചരിച്ചിടുന്നൂ പാതാളങ്ങള്‍ തുളച്ചു കൊണ്ടോരോ
ചുണച്ച വേരിന്‍ മുഖങ്ങളൂര്ജ്ജം ഭുജിച്ചു പായുന്നു

മുളച്ചു പൊന്തിക്കുലച്ചു പാടം നിറഞ്ഞു പാടുന്നു
മഹാമനസ്സാമമ്മ പകര്‍ത്തും പ്രേമാമൃത മന്ത്രം

അതൊട്ട് കേള്‍ക്കെ വിറച്ചിടുന്നൂ വിയര്‍ത്തൊലിക്കുന്നൂ
അശുദ്ധ ഗന്ധം വഹിക്കുമാ കാറ്റിന്‍ കദപത്യങ്ങള്‍

കുരച്ചിടുന്നൂ കടിക്കുവാന്‍ പല്ലൊഴിഞ്ഞ കാടന്മാര്‍
കതിര്‍ത്ത പാടം നികത്തി 'നാനോ'യിറക്കിയോടിക്കാന്‍

വയറ്റിലെ തീ കെടുത്തിടാന്‍ തീന്‍ കൊടുത്ത ഹസ്തത്തെ
വിലജ്ജമായ് പിന്‍ തിരിഞ്ഞു കൊത്താന്‍ മടിച്ചു കൂടാത്തോര്‍

കഴിഞ്ഞിടില്ലൊന്നിനും കടയ്ക്കല്‍ പിടിക്കുവാന്‍ പോലും
കടുത്ത രക്ഷാദ്രവം സരിപ്പൂ സിരാവലയ്ക്കുള്ളില്‍

നികത്തുവാനായോരുത്തനും മേല്‍ പറക്കുകില്ലിനി മേല്‍
നിരഞ്ജന പ്രേമാമൃത സൂര്യന്‍ ജ്വലിച്ചിടുന്നിവിടെ

സനാഥരാണീ 'ബായന്‍' മാരിനി ജീവിതപന്ഥാവില്‍
സുശക്തമാണീ വയലേലകളും വിത്തും കൈക്കോട്ടും

ഒരമ്മയുണ്ടീ വയല്‍ വരമ്പില്‍ വിളംപിയൂട്ടീടാന്‍
ഒരുമ്മയുണ്ടീ ബാല്യങ്ങള്‍ക്കായുതിര്‍ത്തു നല്കീടാന്‍

മഹാമഹാചൈതന്യതിന്നായ് അനന്തനുതിജാലം
മഹാമഹാശ്വേതാദേവിക്കീ വചസ്സു നല്കീതില്‍ ..

1 അഭിപ്രായം:

Rare Rose പറഞ്ഞു...

കവിത നല്ലത്.വായിച്ചപ്പോള്‍ മഹാശ്വേതാദേവിയെ കുറിച്ചുള്ള ഈ കുറിപ്പ്
ഓര്‍മ്മ വന്നു..

ധ്രുവത്തില്‍ പരിവ്രാജകന്‍ ആണേറ്റവും ഇഷ്ടപ്പെട്ടത്.എത്ര പെട്ടെന്നാണു അല്ലേ പിടി തരാത്ത ഒരു വിസ്മയ ലോകം പോലെ ചിലര്‍ ജീവിതത്തിലേക്ക് കടന്നു വരുന്നത്.കവിതകള്‍ക്കൊപ്പം ഇത്തരം മറയ്ക്കപ്പെട്ട വിസ്മയങ്ങളെ പറ്റിയും എഴുതൂ..