ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം

ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!

Follow

അഹം ?

എന്റെ ഫോട്ടോ
പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം

2010, ജൂൺ 28, തിങ്കളാഴ്‌ച

അനിയന് നേര്‍ന്ന പിറന്നാള്‍ മംഗളം



അണഞ്ഞിതായെന്നനുജന്റെ ജന്മമീ-
യപാരമാം പാരിനു ഹര്‍ഷം പകര്‍ന്ന നാള്‍ 

നിനച്ചിടാതെന്റെ ജീവനോദ്യാനത്തില്‍  
നിതാന്ത സൌഭ്രാത്ര പുഷ്പം വിടര്‍ന്ന നാള്‍ 

മരച്ചു പോയൊരെന്‍  പാട്ടിന്നു താളവും 
മറന്നൊരീണവും രാഗവും വന്ന നാള്‍ 

ഇരുട്ടു നെയ്യുന്ന മാറാല തിങ്ങുമെന്‍ 
ഇരുണ്ട വീട്ടിലെ ദീപം തെളിഞ്ഞ നാള്‍  

വിയര്‍ത്തുമേവം തണുത്തും കിടന്നൊരെന്‍ 
വിരക്തിയെങ്ങോ മറഞ്ഞുടന്‍  പോയ നാള്‍ 

കടങ്ങളായുള്ള  മൂന്നെണ്ണവും വഴി-
ക്കണക്കു പോല്‍  തീത്തു നല്കുവാന്‍  വന്ന നാള്‍ 

രസാത്മകം പത്തു മാസങ്ങളായ് മനം
രചിച്ച താരാട്ടു പാടിപ്പകര്‍ന്ന നാള്‍ 

തളര്‍ന്നു പോകുമെന്നേകാന്തജീവിത
ത്തളിര്‍ക്കു പീയൂഷഭാവം കിടച്ച നാള്‍ 

കിഴക്കു തേവര്‍ക്കു പൂജയേകീടുവാന്‍ 
കിശോരഹസ്തങ്ങളുരുത്തിരിഞ്ഞ നാള്‍ 

വിരിഞ്ഞു വാഴുവാന്‍  താമരയ്ക്കര്‍ക്കനായ്
വിശിഷ്ടനായന്നു നീ വന്നു ചേര്‍ന്ന നാള്‍ 

മുടന്തിയേന്തിത്തളര്‍ന്നു ഞാന്‍  താണ്ടുന്ന
മഹാപഥത്തിലെന്നൂന്നുദണ്ഡായ നാള്‍ 

പടിക്കലായൊന്നു ശങ്കിച്ചു നിന്നു പി-
ന്നുടന്‍ മഹാലക്ഷ്മിയുള്ളില്‍ കടന്ന നാള്‍ 

പിറന്നൊരാ നാലുകെട്ടിന്റെ മേലെയായ്
പൊടുന്നനെ ദേവസങ്ങമം കണ്ട നാള്‍ 

നടുത്തളത്തിങ്കലൂടെ തിരക്കി വ-
ന്നെടുത്തു വാരിപ്പുണര്‍ന്നൊരാ നല്ല നാള്‍ 

തൊഴുത്തില്‍ നിന്നങ്ങഹോ പുറപ്പെട്ടൊരാ
തടുത്തിടാ ദുഗ്ദ്ധഗംഗയെ പാര്‍ത്ത നാള്‍

പുരത്തിനൊക്കെയും പുണ്യമായ് വന്നിടും
പവിത്രമാം പൂരുരുട്ടാതി നല്ലനാള്‍ 

ചിരിച്ചു ജീവിക്ക കരഞ്ഞിടാതെടോ!
ചിരം ചിരം ദേവനതിന്നിടം തരും.

ശതം ജീവ! ശരദോ വര്‍ദ്ധമാന:
ശതം ഹേമന്താന്‍ ശതമു വസന്താൻ

ശതമിന്ദ്രാഗ്നീ സവിതാ ബൃഹസ്പതീ
ശതായുഷാ ഹവിഷേമം പുനര്‍ദ്ദു:



കുറിപ്പ്: പകര്‍പ്പവകാശം ആര്‍ക്കും ഇല്ലാതില്ലാതില്ലാതില്ല.

അഭിപ്രായങ്ങളൊന്നുമില്ല: