ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം

ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!

Follow

അഹം ?

എന്റെ ഫോട്ടോ
പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം

2010, ജൂൺ 16, ബുധനാഴ്‌ച

പരിവ്രാജകന്‍









‘തമസോ മാ ജ്യോതിര്‍ഗമയ’ ഇരുട്ടില്‍ നിന്നും എന്നെ വെളിച്ചത്തിലേക്കു നയിക്കണേ! .ഇതു ഞാന്‍ ഏതെങ്കിലും ഒരു ജന്മത്തില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം. അതിന്റെ ഒരു തരി ഫലമായിരിക്കാം ഇരുട്ടു നിറഞ്ഞ സ്കൂള്‍ ജീവിതത്തില്‍ നിന്നും വെളിച്ചം നിറഞ്ഞ ഒരു കോളേജു ജീവിതത്തിലേക്കു എന്നെ അവിടുന്നു തുറന്നു വിട്ടതു. പറയാനുദ്ദേശിക്കുന്നതിനു അസ്വസ്ഥതകള്‍ വരുത്തിവെക്കുമെന്നതിനാല്‍
സ്കൂളിലെ ഇരുട്ടിന്റെ അസഹ്യത ഇവിടെ വിശദീകരിക്കുന്നില്ല. കോളേജാണു എന്നെ ദ്വിജനാക്കിയതു. രണ്ടാമതു ജനിച്ചവനാക്കിയതു.


കോളേജു എന്നു ഞാന്‍ പറയുമ്പോള്‍ വലിയ കാമ്പസ്സും അനുബന്ധങ്ങളും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കലമ്പലുകളും പ്രണയവും സമരമുഖങ്ങളും ഒക്കെയാവും മനസ്സിന്റെ കാന്വാസില്‍ വരഞ്ഞെത്തുക. എന്റെ കോളേജു അങ്ങനെയായിരുന്നില്ല. പത്താം തരം പാസ്സായ ശേഷം നിര്‍വികാരതയില്‍ മുഴുകി നിന്ന എന്നോടു അഛനാണു സംസ്കൃതം പഠിക്കാന്‍ പോകുന്നോ എന്നു ചോദിച്ചതു. കടം കയറി ഉറക്കം നശിച്ചവന്‍ ജപ്തിക്കു വഴങ്ങിക്കൊടുക്കും പോലെ ഞാന്‍ സമ്മതിച്ചു. അവധിക്കാലം തീരും മുന്‍പേ ഇന്നും പൂര്‍ത്തിയാകാത്ത പണികള്‍ നടന്നുകൊണ്ടിരുന്ന ആ കോളേജിനു മുന്‍പില്‍ അഛനൊപ്പം ഞാന്‍ ചെന്നു നിന്നു.
‘ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്കൃത കോളെജു’ എന്നു ഞാന്‍ അവിടെ എവിടെയാണു വായിച്ചെടുത്തതെന്നു ഓര്‍മ്മയില്ല. അരികില്‍ തന്നെ ശ്രീരാമകൃഷ്ണ മഠം. മൂന്നോ നാലോ സന്യാസിമാര്‍.

സിമന്റിന്റെ പൊടി ചിതറിയ ഹാളില്‍ ഒറവങ്കരയുടെ സപ്താഹം നടക്കുകയായിരുന്നു. അല്പനേരം അച്ഛനൊപ്പം തറയിലെ പായിലിരുന്നു കേട്ടു. ജീവിതത്തിലാദ്യത്തെ സപ്താഹം.


ഇടവേള.

ഏറ്റവും മുന്‍പില്‍ ശ്രോതാവായി സദാ പുഞ്ചിരി തൂകിയിരുന്ന ഒരു സ്വാമിജി എഴുനേറ്റു. അച്ഛനും.ഒപ്പം ഞാനും. ആശ്രമത്തിലേക്കുള്ള വഴിയില്‍  കാത്തു നിന്ന ഞങ്ങളെ മായാത്ത ചിരിയോടെ നടന്നു വന്ന അദ്ദേഹം കണ്ടു.

“സംസ്കൃതം പഠിക്കാന്‍ ഇഷ്ടമാണോ?”
“അതെ”
“ങേ?”
“ഉവ്വു”
“ഗുഡ്‌”
.
ചിരിയോടെ നടന്നു നീങ്ങിയ ആ മനുഷ്യന്‍ . സ്വപ്രഭാനന്ദ സ്വാമി- എത്ര വലിയ വിസ്മയമായിരുന്നെന്നു എന്നെങ്കിലും ഒരിക്കല്‍ ഇവിടെ എഴുതാന്‍ വിധാതാവു കരുത്തു തരട്ടെ! മഹാവിസ്മയം!



രണ്ടു.



ആശ്രമവരാന്തയിലെ മേശയ്ക്കു മുന്നിലിരുന്നു എന്തോ എഴുതുന്നതിനിടയില്‍ പറഞ്ഞു.
“ക്ളീന്‍ ഷേവു ചെയ്യണം. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും. അതാണു യൂണിഫോം. സമ്മതമാണെങ്കില്‍ മാത്രം വന്നാല്‍ മതി”
അതു പറഞ്ഞു സ്വാമിജി ഹൃദ്യമായി ചിരിച്ചു.
“ഉവ്വു”
“വിജയാ..”
കറുത്തു പൊക്കം കുറഞ്ഞ ഒത്ത ഒരാള്‍ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി കാര്യങ്ങളൊക്കെ വിവരിച്ചു തന്നു.

“ഹോസ്റ്റലില്‍ നിക്കുന്നോ? ഗുരുകുല സമ്പ്രദായമാണു.ജോലികളൊക്കെ ചെയ്യേണ്ടി വരും. അഹാരം തയ്യാറാക്കണം,പശുവിനെ നോക്കണം,പുല്ലു പറിക്കണം, പാടത്തു പണിയണം..അങ്ങനെ പലതും”

“പോയി വരാവുന്ന ദൂരമേ ഉള്ളൂ!”
 അച്ഛനാണു പറഞ്ഞതു.

യൂണിഫോമിലുള്ള കുറെ പേര്‍ ഞങ്ങളെ നോക്കികടന്നു പോയി.

എന്തോ....ഞാന്‍ എല്ലാം നിര്‍ബാധം അംഗീകരിക്കുകയായിരുന്നു.




മൂന്നു.




യൂണിഫോമില്‍ ഞങ്ങള്‍ ഇരുപതോളം പേര്‍ ക്ലാസ്സില്‍. ആണ്‍കുട്ടികള്‍ക്കു മാത്രമാണു പ്രവേശനം. താലോലിച്ചു വളര്‍ത്തിയ മീശയെടുക്കേണ്ടി വന്ന ശ്യാമിനു ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതു ആശ്വാസമായിരുന്നു.വയസ്സിനു മൂത്തവര്‍ ധാരാളം.പെട്ടെന്നു കൂട്ടായി.ചിലരെക്കുറിച്ചൊക്കെ എത്ര എഴുതണം.?

നിങ്ങള്‍ ഒരിക്കലെങ്കിലും കാണാന്‍ മോഹിക്കുമെന്നുറപ്പു.! വരട്ടെ!

മൂന്നുനാലു ദിവസം കഴിഞ്ഞു കാണും. ചിരി വിരിയുന്ന മുഖത്തെ സ്വാമിജിയുടെ രൌദ്രഭാവം കണ്ടുതുടങ്ങിയസമയം. കാലൊച്ചയ്ക്കു കാതോര്‍ത്തു ഭയത്തോടെ അടങ്ങിയിരുന്ന ഒരു പത്തു മണി സമയം.
ക്ലാസ്സിനു പിന്നിലൂടെയാണു കയ്യില്‍ മൂന്നുനാലു ബുക്കുകള്‍ തോളത്തു താങ്ങി അയാള്‍ പിന്നില്‍ വന്നിരുന്നതു.ശാന്തസ്മേരം.എല്ലാവരെയും ചമ്മലിലാതെ നോക്കി.
 പിന്നാലെ സ്വാമിജിയും വന്നു.

“വിനോദന്‍ മുന്‍ബഞ്ചില്‍ വന്നിരിക്കൂ!..ദാ..അവിടെ!”

വിനോദന്‍.അയാള്‍ കയ്യിലെ പുസ്തകവും താങ്ങി മുൻബഞ്ചില്‍ ഭിത്തിയോടു ചേര്‍ന്ന അറ്റത്തു വന്നിരുന്നു.

“ഈ കുറ്റിത്താടിയൊന്നും പറ്റില്ല. മുഴുവന്‍ ഷേവു ചെയ്തു കളയണം.”

പാതിയെണീറ്റു തല കുലുക്കി അയാള്‍ സമ്മതം പ്രകടിപ്പിച്ചു.



നാലു.



വിനോദന്‍.അധികം സംസാരമില്ല.അധികം അകല്ച്ചയില്ല.ഒട്ടും നിഷ്ക്രിയനല്ല.ഒട്ടും സക്രിയനുമല്ല. ആരെയും ആകര്‍ഷിക്കുന്ന ഒരു പ്രത്യേക യോഗം.ദിവസം കുറചു ചെന്നപ്പോള്‍ ചിലരുടെ വിനോദേട്ടനും മട്ടു ചിലരുടെ വിനോദ് സിദ്ധനുമായി.



കോളേജു വിട്ടു ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള്‍ അല്പജ്ഞരായ ചിലര്‍ കരുണയോടും ബഹുമാനത്തോടും കൂടി ഞങ്ങളെ നോക്കി അടക്കം പറയാറുണ്ടായിരുന്നു.

“സ്വാമിമാരാകാന്‍ പഠിക്കുന്ന പിള്ളേരാ!”

കോളേജില്‍ നിന്നിറങ്ങിയാല്‍ വെള്ള ഷര്‍ട്ട് മാറി ബാഗില്‍ കരുതിയ കളര്‍ ഷര്‍ട്ടും ചിലപ്പോഴൊക്കെ ജീന്‍സും ധരിച്ചു ഞങ്ങള്‍ക്കൊപ്പം ബസ് സ്റ്റോപ്പിലെത്തി മാറി നിന്നു സിഗരറ്റ് പുകയ്ക്കുന്ന കമലനേയും അനുച്ചേട്ടനെയും നോക്കിയാണു ഞങ്ങള്‍ ആ അടക്കം പറച്ചില്‍ ആസ്വദിക്കുക.

എന്നാല്‍ വിനോദനെപ്പറ്റിയുള്ള ആ ‘സിദ്ധന്‍’ വിളി വെറുതെയല്ലെന്നു പിന്നീടറിഞ്ഞു.സെറിന്‍ ചേട്ടനും ശിവപ്രസാദ് ചേട്ടനും താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലാണു വിനോദനും കൂടിയിരുന്നതു. നാടൂ വിട്ടു.നീരൂപമായ അന്വേഷണവുമായി എവിടൊക്കെയോ അലഞ്ഞു. ഇപ്പൊഴിവിടെ! പതിയെപ്പതിയെ പല കാര്യങ്ങളും മറനീക്കി വന്നുതുടങ്ങി.ആള്‍ നല്ലൊരു ഹിപ്നോട്ടൈസര്‍ ആണത്രെ! ഹോസ്റ്റലില്‍ അരുണിനെ മയക്കി പുറത്തിറക്കി മൂത്രമൊഴിപ്പിച്ചതും പല്ലു തേപ്പിച്ചതുമൊക്കെയായി പല സംഭവങ്ങള്‍. ഇതോടെ സ്വതവേ മനശ്ശാസ്ത്രവുമായി മൊഹബത്തിലായിരുന്ന ഞാന്‍ വിനോദനോടു കൂടുതല്‍ അടുത്തു. ചോദിക്കുന്ന കാര്യങ്ങളില്‍ തൊണ്ണൂറ്റെട്ട് ശതമാനത്തിനും ഒഴിഞ്ഞു മാറിയുള്ള ഉത്തരം.പിടി കൊടുത്തും കൊടുക്കാതെയും പിന്നീടൂ വിനോദന്‍ ഞങ്ങള്‍ക്കിടയില്‍ ശോഭിച്ചു.

സ്വാമിജിക്കു മുന്‍പില്‍ അലക്കുകല്ലായെങ്കിലും.


ഒരു നാള്‍ ഹോസ്റ്റല്‍ മുറിയില്‍ ഓരോന്നു പറഞ്ഞിരുന്ന എനിക്കു ഒരു ടൈം പീസില്‍ കൌതുകം തോന്നി. ചുവന്ന സ്ഫടികം കൊണ്ടു മോടി പിടിപ്പിച്ച ഒന്നു. അതിലെ അലാറത്തിന്റെ ശബ്ദം തുടര്‍ച്ചയായി ഞാന്‍ ആസ്വദിച്ചു കൊണ്ടു സെറിന്‍ ചേട്ടനോടു ചോദിച്ചു.

“ഇതാരുടെയാ?”

“സിദ്ധന്റെ”

കട്ടിലില്‍ കിടന്നു ധ്യാനിക്കുകയോ ഉറങ്ങുകയോ ആയിരുന്നു വിനോദന്‍ .

“വിനോദേട്ടനെന്തിനാ ഇതു?”

“ചോദിച്ചാല്‍ ഞാന്‍ തരും.പിന്നെ അതു കൊണ്ടു പോയ്ക്കോണം.അതോണ്ടു ചോദിക്കരുതു”

സെറിന്‍ ചേട്ടനു ഉത്സാഹം

“നീ ചോദിക്കെടാ.അങ്ങോരു എന്തു ചോദിചാലും തരും”

“ഉം..അതോണ്ടു ചോദിക്കരുതു”

ഞാന്‍ ചോദിച്ചില്ല.

എന്തിനോ ആശ്രമവളപ്പിലൂടെ നടന്നു ചെന്നപ്പോഴാണു കഴുത്തിലൊരു മുണ്ടും ചുറ്റി സെറിന്‍ ചേട്ടന്‍ എന്തോ ചെരിഞ്ഞും ചാഞ്ഞും ദൂരേക്കു നോക്കി ഇരിക്കുന്നതു കണ്ടതു. എന്നെ കണ്ടതും വഴിയിലേക്കു വലിച്ചു നീക്കിനിര്‍ത്തി ഹോസ്റ്റലിന്റെ വഴിയിലേക്കു ചൂണ്ടി.

“മിണ്ടാതെ അങ്ങോട്ടു നോക്കെടാ!ഒരു സൂത്രം കാണാം!”

“എന്തു?”

“ദേ”

വരാന്തയിലിരുന്ന സ്വാമിജി കാണാതെ വിനോദന്‍ ഹോസ്റ്റെലിലേക്കു ധൃതിയില്‍ എന്നാല്‍ ശാന്തനായി പോകുന്നു. ഒരു വെള്ള ഷര്‍ട്ട് അല്ലാതെ മട്ടൊന്നും ധരിച്ചിട്ടില്ല. അത്യാവശ്യം ഭാഗങ്ങളൊക്കെ ഷര്‍ട്ട് മറച്ചിട്ടുണ്ടു.

“യ്യൊ! എന്താ ഇങ്ങനെ?”

കഴുത്തില്‍ ചുറ്റിയ മുണ്ടു സെറിന്‍ ചേട്ടന്‍ ഉത്സാഹത്തോടെ വളച്ചിട്ടു.

“അങ്ങോരു വല്യ ദാനശീലനാണല്ലൊ.ഞാനിതു തരാവോന്നു ചോദിച്ചു. അപ്പൊത്തന്നെ അഴിച്ചു തന്നു. ഇനിയിതു തിരികെ വാങ്ങത്തില്ല.”



അഞ്ചു




വിനോദന്‍ .എന്നോ ഒരിക്കല്‍ കോളേജില്‍ നിന്നു പോയി.മുന്‍ കൂട്ടി പറഞ്ഞില്ല.അന്വേഷിച്ചില്ല.സങ്കടം തോന്നിയില്ല.പോകാനായിത്തന്നെ വന്നതാണെന്നു ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു. പക്ഷേ ജോബിന്‍ പോയതു വേദനിപ്പിച്ചു. ഇനി ജോബിനായിട്ടു അവനീ ഭൂമിയില്‍ ഇല്ലല്ലോ!
വിനോദന്‍ എന്തൊക്കെ ദാനം ചെയ്തുവെന്നറിയില്ല. എന്തെങ്കിലും കൊണ്ടുപോയതായും.!





ആറു.




ഒരു ഈറന്‍ വൈകുന്നേരത്തിലാണു ഏട്ടനും അനുജന്മാര്‍ക്കുമൊപ്പം കൊല്ലൂരില്‍ എത്തിയതു. സൌപര്‍ണ്ണികാ തീര്‍ത്ഥ്ത്തിലേക്കുള്ള കുങ്കുമം മണക്കുന്ന വഴിയിലൂടെ നടക്കുമ്പോഴാണു കുറെ വൃദ്ധകളും ഒന്നു രണ്ടു ചെറുപ്പക്കാരും ഒരു കാഷായ വേഷധാരിയെ അനുഗമിച്ചു വരുന്നതു കണ്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ട ഒരു ചിരി, അളവിനും തെളിച്ചത്തിനും ഒട്ടും കുറവില്ലാതെ,കറുത്തു തിങ്ങിയ ദീക്ഷയ്ക്കിടയിലും ഞാന്‍ തിരിച്ചറിഞ്ഞു എങ്കിലും വിനോദന്‍ സ്വാമിയെ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു എന്നത്‌ ഞാനിന്നും സമ്മതിച്ചു തരാന്‍ തയാറല്ല. ചുറ്റും നിന്ന അമ്മമാരുടെ മുഖത്തെ പ്രസാദം മാതൃത്വത്തിന്റെയൊ,ആത്മീയതയുടെയോ എന്നറിയില്ല.അല്പനേരം സംസാരിച്ചു പിന്നിട്ടു നടന്നപ്പൊ ഒരു ചെറിയ വിവരണം നല്കേണ്ടി വന്നു.മൂന്നു നാലു ദിവസം കഴിഞ്ഞു തിരികെ പോരും വരെ എന്റെ കണ്ണുകള്‍ വൃഥാ തെരഞ്ഞു കൊണ്ടിരുന്നു.

ഏഴു




എന്താണു കൊല്ലൂരില്‍ തന്നെ വീണ്ടും സംഗമിച്ചതു? ഒറ്റയ്ക്കാണെത്തിയതു. ശ്രീകോവിലിനു മുന്നില്‍ തൊഴുതു നിന്നപ്പോള്‍ ദീക്ഷ വെച്ച ആ ചെറുപ്പക്കാരന്‍ ശുഭ്രവസ്ത്രധാരി പലപ്പോഴായി പരിചിതഭാവത്തില്‍ ചിരിച്ചു.തിരിച്ചും. എന്നാല്‍ മനസ്സിലായിരുന്നില്ല. പിറ്റേന്നും ആവര്‍ത്തിച്ചു. പുറത്തിറങ്ങിയപ്പോള്‍ പിന്‍ വിളി.

“ഡാ ഹരീ”

അയാളാണു.

“മനസ്സിലായില്ലേ?”

മനസ്സിലായി.

“തനിക്കു തല്ലണേല്‍ താനങ്ങു തല്ലടോ!” സ്വാമിജിയ്ക്കു നേരെ മുണ്ടു മടക്കിക്കുത്തി നിന്നു ആദ്യമായി ആക്രോശിച്ച ആളെ മറക്കാന്‍ കഴിയില്ല.

അനീഷ്‌ ചേട്ടന്‍ താടി വെച്ചതു പോലും നിഷേധത്തിനായിരുന്നു.

“ഇതെന്താ ഈ കോലത്തില്‍ ?”

“ഞാനിപ്പൊ രണ്ടു മൂന്നു മാസമായി ഇവിടെയാടാ.നമ്മുടെ വിനോദന്‍ സ്വാമീടെ കൂടെ.“

”ഓ.വിനോദേട്ടന്‍ ഇവിടുണ്ടോ?“

”ആ...കുറച്ചു ദൂരെ..“

സഹവര്‍ത്തികളായിരുന്ന കാലത്തെ വിശ്വാസത്തിലെടുത്തു കുടജാദ്രിയിലേക്കുള്ള കാടു കയറി. പരിചിത വഴികള്‍ പെട്ടെന്നു തന്നെ തീര്‍ന്നു. അരുവികളും കുന്നുകളും കയറി ഒരു ചെരുവിലെത്തി.ഇളം പുല്ലുകള്‍ നിറഞ്ഞു നില്ക്കുന്ന കോട പുതച്ച ഒരു മേടു.

”ദാ..അവിടെ“

അനീഷേട്ടന്‍ മുന്‍പേ നടന്നു ഗുഹാമുഖത്തിലെത്തി വിളിച്ചു കയറി.

”വിനോദന്‍ ജീ..“

സാമാന്യം വിശാലമായ ഉള്‍ഭാഗത്തു ഒരു പരന്ന കല്ലിന്മേല്‍ കാഷായമുടുത്തു പദ്മാസനത്തില്‍ ശാന്തനായി പഴയ പുഞ്ചിരിയോടെ വിനോദേട്ടന്‍ ഇരിക്കുകയാണു.

”വാ“

എനിക്ക്‌ ഉള്ളില്‍ കടക്കാന്‍ തോന്നിയില്ല.പാമ്പിന്റെ കൈലാസം.പൊത്തിന്റെ മുഖപ്പില്‍ തല വെച്ചും നിലത്തു ചുരുണ്ടു കൂടിയും വിശ്രമിക്കുന്ന സഹവാസികള്‍ക്കിടയിലൂടെ അനീഷേട്ടന്‍ കൈ പിടിച്ചു കയറ്റി. ഞാനൊഴികെയുള്ള ജീവികളെല്ലാം നിര്‍ഭയര്‍ . കണ്ടഭാവം വെച്ചതു അനീഷേട്ടനും വിനോദന്‍ സ്വാമിയും മാത്രം. മറ്റുള്ളവര്‍ ഇരുന്ന ഇരുപ്പിലും കിടന്ന കിടപ്പിലും.
തുണിസഞ്ചിയില്‍ നിന്നു പഴം എടുത്തു നീട്ടി. വാങ്ങി കഴിച്ചു.

”എത്ര നാളായി ഇവിടെ?“

”എന്തിനെണ്ണണം?“

രണ്ടു പേരും ഏതാണ്ടു ഒരേ പോലെ സംസാരിക്കുന്നു. അധികം നിന്നില്ല. എന്നെ തിരികെ വഴിയില്‍ വിട്ടു അനീഷേട്ടന്‍ പോയി. രാത്രി ദൂരെ ആ ദിക്കിലൂടെ ഇറങ്ങി വരുന്ന മഞ്ഞിനെ നോക്കി. ശാന്തം .സൌമ്യം.



എട്ട്




അത്മീയതയെ ലോക്കപ്പിലാക്കുന്ന വിപ്ളവത്തിനു തീ കൊളുത്തിയ സമയം. സന്തോഷ്‌ മാധവന്റെ പിന്‍ ഗാമികളെ തേടി യുവജന വിഭാഗങ്ങള്‍ നെട്ടോട്ടമോടുന്ന വാര്‍ത്താ ചിത്രങ്ങള്‍ക്കിടയില്‍ കണ്ടു. കണ്ണൂരിലെ ഒരു കുഗ്രാമത്തില്‍ , പാറയിടുക്കിനോടു ചേര്‍ത്തു കെട്ടിയ കുടില്‍ , കൊടിയിലെ നക്ഷത്രങ്ങളുടെ തുരുമ്പെടുത്ത വായ്തല കൊണ്ടു അരിഞ്ഞു തള്ളുന്ന ദൃശ്യം. അവിടെ താമസമായിരുന്ന ഒരു കാഷായ സാധുവിനെ ബലാത്കാരമായി പിടിച്ചിരുത്തി മുടിയും താടിയും വടിച്ചു കളയുന്നു. ആ പുഞ്ചിരി തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ഞെട്ടിയെണീക്കില്ലായിരുന്നു. അന്നു ഒരേയൊരു സന്യാസിക്കു വേണ്ടിയേ അന്ന് എങ്ങു നിന്നും വിപ്ലവകാരികള്‍ക്കു എതിര്‍പ്പ്‌ നേരിടേണ്ടി വന്നുള്ളൂ. എന്നാല്‍ പരാതി മുന്നോട്ടു തള്ളിക്കൊണ്ടു പോയതായി അറിഞ്ഞില്ല. എന്തുകൊണ്ടു? എനിക്കറിയാം. ചോദിച്ചാല്‍ പറയും.

“അതൊക്കെ ഹിംസാത്മകമല്ലേ? നമുക്കു വേണ്ട,അത്തരമൊന്നും. അവര്‍ക്കു വേണ്ടതു അവര്‍ എടുത്തു. ഞാന്‍ എതിര്‍ത്തില്ല. എന്നെ അവര്‍ ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ അതും കൊടുത്തേനെ”.



ഒമ്പതു

എന്റെ കോളേജിനു പറയാനുണ്ടു, മറയ്ക്കപ്പെട്ട വിസ്മയങ്ങളുടെ കഥകളിനിയും !

അഭിപ്രായങ്ങളൊന്നുമില്ല: