
തൃച്ചേവടിപ്പൂതസാന്നിദ്ധ്യ സിദ്ധിയാല്‍
തൃച്ചാരു സുസ്മേര സൌന്ദര്യ കാന്തിയാല്‍
തൃച്ചതുര്‍ഹസ്തങ്ങളാല്‍ പാലിതം പരം
തൃച്ചംബരാഖ്യമാം മന്ദിരം സുന്ദരം.
പാദങ്ങളില്‍ വന്നു വീണു കേണീടുകില്‍
മോദഹക്കൂട്ടത്തെയൊക്കെ ത്തകര്‍ക്കുന്നൊ-
രാ ദിവ്യരൂപവും പ്രത്യക്ഷമായ് കാണു-
മാദിത്യകോടിപ്രഭന്‍ വരുന്നുണ്ടൊരാൾ.
ആഗന്തുകം നിജം കര്‍മ്മസര്‍വസ്വവും
വേഗേന സംഗം വെടിഞ്ഞു നിന്നന്തികേ
ത്യാഗാത്മനാ സമര്‍പ്പിച്ചൊരു വര്യനാം
ഗംഗോപമന്‍ വില്വമംഗലാഖ്യന്‍ ദ്വിജന്‍ .
മുങ്ങിക്കുളിച്ചും ജപിച്ചും തിടുക്ക-
മങ്ങുള്ളില്‍ കടന്നോരു യോഗിവര്യന്‍ പുന-
രെങ്ങുമേ ശ്രീലകേ ദേവനെ കാണാതെ -
യിങ്ങു വെളിയില്‍ പരതിത്തുടങ്ങിനാന്‍.
ഉള്ളിലാ ചിത്സ്വരൂപന്‍ തന്‍റെ രൂപവും
കള്ളമില്ലാതങ്ങു ധ്യാനിച്ചു നീങ്ങവേ
ഭള്ളല്ലിതുദ്വേഗ കൂരിരുട്ടത്തിതാ
വെള്ളിമീന്‍ പോലൊന്ന് കണ്ടുവസ്സ്വാമിയാർ.
അമ്പലക്കോണിലായ് നില്‍ക്കുന്നൊരാല്‍മര-
ത്തമ്പിന്‍ ചുവട്ടിലേതോ മഹാരോഗിയെ
വമ്പിച്ച കാരുണ്യമോടെയാ മാധവന്‍
അമ്പോ! മടിത്തട്ടിലേറ്റിക്കിടത്തുന്നു.
കണ്ണനെ കാണാത്ത കണ്ണുകള്‍ കൊണ്ടെങ്ങു
മെണ്ണി പ്രദക്ഷിണം ചെയ്യുന്ന മാനവര്‍
പുണ്ണില്‍ പൊതിഞ്ഞൊരദ്ദേഹവും പാര്‍ത്തു ചോ-
റുണ്ണാത്ത വണ്ണമായ് ഭര്‍ത്സിച്ചിടുന്നു പോൽ.
നോക്കൊന്നു നോക്കുവാനാകാത്ത പോലെയും
പോക്കൊന്നടുത്തെത്തുവാന്‍ പറ്റിടാതെയും
മൂക്കു പൊത്തിക്കൊണ്ടു നാട്ടുകാര്‍ നീങ്ങവേ
നോക്കുവിന്‍ കണ്ണനീ ചെയ്യുന്നതെന്തഹോ !
കാന്താധരേ മര്‍ദ്ദനാദ്യാ രമിപ്പതാം
ചെന്താമാരത്തണ്ടു താങ്ങുന്നൊരംഗുലീ-
ചന്തത്തിനൊട്ടുമേ ചേരാത്ത വണ്ണമ-
ങ്ങെന്തിങ്ങു ചെയ്യുന്നതീശ്വരാ കാണ്ക നാം !
പൊട്ടിപ്പൊളിഞ്ഞും പഴുത്തും പുഴുത്തുമ-
ങ്ങട്ടിപ്പുളയ്ക്കും പുഴുക്കളും രക്തവും
വിട്ടറ്റു തൂങ്ങുന്ന മാംസദേശങ്ങളില്‍
ഒട്ടിപ്പിടിയ്ക്കുന്ന മക്കുണക്കൂട്ടവും.
ചീഞ്ഞു ചീഞ്ഞാകെ ദ്രവിച്ചൊരാ മേനിയില്‍
പാഞ്ഞുപാഞ്ഞാര്‍ക്കുന്നൊരീച്ചയെയാട്ടിയും
ആഞ്ഞിരുന്നാ വിരല്‍ത്തുമ്പിനാല്‍ നീയഹോ
ചാഞ്ഞു കൊണ്ടോരോ പുഴുക്കളെ നുള്‍കയോ?
തുള്ളിയായിറ്റിറ്റു വീഴും നിണത്തിനായ്
ചെള്ളുകള്‍ മല്‍പ്പിടുത്തം നടത്തീടവെ
പള്ളിപ്പടം പട്ടുപീതാംബരം മെല്ലെ-
യെള്ളോളവും മഞ്ഞയില്ലാ ചെമന്നു പോയ് !
മാറിലെ തൃത്തുളസീ മാലയില്‍ നിന്നു-
മേറെയായോരോ ദളങ്ങളെ പിച്ചി നീ
നീറും മുറിപ്പാടു മേലെ പിടിച്ചര-
ച്ചൂറുന്ന നീരിറ്റു വീഴ്ത്തിക്കൊടുക്കയോ?
കുന്ദഗന്ധത്തെ വിടര്‍ത്തും വിധം താള
വൃന്ദേന വീശിവീശിക്കൊടുത്തീടവേ
മന്ദം വിയര്‍പ്പില്‍ കുതിര്‍ന്ന നിന്‍ മാറിലെ -
ച്ചന്ദനം ചാലിച്ചു പുണ്ണില്‍ പുരട്ടിയോ?
എന്തെന്തിതെന്തീ കഥയെന്‍റെ കാന്തനി-
ന്നെന്തീ ഗതിയ്ക്കിവ്വിധം വന്നു ചേരുവാന്‍
ചിന്താവശാലാര്‍ത്തയായന്തികത്തിലെ
ഹന്ത! നില്‍പ്പുണ്ടിതാ മാധവീദേവിയും.
കണ്ണിന്നു മുന്നിലാ കണ്ണന്‍റെ ലീലയെ
തിണ്ണമായ് പാര്‍ത്തശ്രുപൂര്‍ണ്ണനായദ്ദ്വിജന്‍
വിണ്ണിലോ മണ്ണിലോ ഞാനെന്നുരച്ചുടന്‍
എണ്ണമില്ലാ നമസ്കാരം തുടങ്ങിനാന്‍.
നാമങ്ങളായുള്ള നാമങ്ങളൊക്കെയും
നാമിയെ കീര്‍ത്തിച്ചു പാടിയസ്സ്വാമിയാര്‍
യാമങ്ങളിവ്വിധം പോക്കുവാന്‍ കാരണം
തൂമ കലര്‍ന്നൊട്ടു ചോദിച്ചു പിന്നെയും.
ഭക്തനാണിസ്സാധുവെന്നറിഞ്ഞീടുക
സക്തിയെന്നില്‍ മാത്രമെന്ന് കണ്ടീടുക
വ്യക്തിയത്യാശ്രമിഖ്യാതനെന്നാകിലും
ശക്തനെന്നെയസ്സ്വതന്ത്രനായ് മാറ്റിയോന്‍.
പ്രാരബ്ധതാ വിശേഷം മൂലമായിതാ
പാരം മഹാരോഗിയായുഴന്നീടവേ
ചാരേയണഞ്ഞെന്‍റെ പാദാന്തികത്തിലെ-
ന്നോരോന്നു ചെയ്കെ മൊഴിഞ്ഞൂ മുരാരിയും.
ആകട്ടെയിവ്വിധം ഭക്തനെന്നാകില-
ങ്ങാകെയീയാമയം മാറ്റിക്കൊടുക്കുവാന്‍
പോകാതെയെന്തിനീ സാധുവില്‍ കഷ്ടത-
യേകുന്നുവെന്നായി സ്വാമിയാര്‍ പിന്നെയും.
എന്തങ്ങുചൊല്ലുന്നുവെന്തറിഞ്ഞീടുന്നു-
വന്തമില്ലാതാ വരം ഞാന്‍ കൊടുത്തിനാന്‍
എന്താകിലവ്വരം സ്വീകരിക്കാനൊട്ടു
സന്തോഷമില്ലിവന്നെന്നോതി കണ്ണനും.
ആശ്ചര്യമോടെയച്ചൊന്നതും കേട്ടു വി-
പശ്ചിദ്വരിഷ്ഠനത്യാശ്രമിയോടുടന്‍
നിശ്ചയിച്ചീടുവാനിവ്വിധം ഹെതുവെ
പശ്ചാദരുള്‍കെന്നുമൊട്ടുരച്ചീടിനാന്‍
പറ്റിപ്പിടിച്ചൊരാ ചുണ്ടൊന്നു മിണ്ടുവാന്‍
മുറ്റുന്ന മട്ടില്‍ ചലിക്കാന്‍ തുടങ്ങവേ
പോറ്റിയില്‍ തട്ടിത്തറച്ച തന്‍ കണ്ണുകള്‍
പുറ്റിലെ കല്ലെന്ന പോലെത്തിളങ്ങി പോൽ.
മുന്നിലായ് വിപ്രനെ നോക്കി മന്ദം ഹസി-
ച്ചുന്നീതമോദാല്‍ മോഴിഞ്ഞുവത്യാശ്രമി.
"മുന്നമേ രോഗം മറഞ്ഞു പോയീടുകി-
ലിന്നീ കിടയ്ക്കും സുഖം ഭവിച്ചീടുമോ?"
നെഞ്ചാകെയേറ്റം കുളിര്‍പ്പിച്ചിടുന്നതാ-
മഞ്ചാതെ കര്‍ണ്ണാമൃതം പൊഴിക്കുന്നതാം
വഞ്ചിത്തജന്യമാ വാക്കുകള്‍ കേള്‍ക്കവേ
സഞ്ചിതാനന്ദരായ് വിപ്രദേവാദികൾ.
യാതോന്നിതേറ്റം വരേണ്യമാമാര്‍ജ്ജവം
യാതോന്നിതേ ശ്രാവ്യമാകുമാഖ്യാനവും
യാതൊന്നിതാചരിക്കേണ്ടതാം ധര്‍മ്മവും
യാതൊന്നിതേകാന്തഭക്തിയും മുക്തിയും.
--
സ്നേഹപൂര്‍വ്വം ,
ഹരികൃഷ്ണന്‍
3 അഭിപ്രായങ്ങൾ:
A GREAT CREATION FROM A GREAT POET.
i like ur poems very much.... nd also ur deep thinking.... this poem is one of ur best... its really outstanding one.... congrats... nd waiting for ur coming ones.... all d best... :)
Good One. A piece of whole hearted devotion. But sometimes felt not vivid. congrats for your effort and be vigil.
Nanna Varen!
valare manoharam ullil ethra thingi niranjalanu puratheku ithra varunnath ennu manasilavenu iniyum iniyum ezhuthu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ