ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം

ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!

Follow

അഹം ?

എന്റെ ഫോട്ടോ
പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം

2010, മേയ് 16, ഞായറാഴ്‌ച

എന്‍റെ പിറന്നാള്‍

ഇന്നാണാ ദിനമെന്നമ്മയ്ക്കൊരു
പെരുത്ത വേദന നല്‍കിക്കൊണ്ടീ-
യൊടുക്കമില്ലാ യാത്രയ്ക്കിടയിലെ-
യടുത്ത വഴിയമ്പലമൂലയിലേ-
യ്ക്കലട്ടി വാവിട്ടലറുന്നെന്നെ
എടുത്തു ദൈവം പാവ കണക്കെ
വലിച്ചെറിഞ്ഞു മറഞ്ഞ ദിവസ്സം.


ഇന്നേ ഞാനെന്നമ്മയ്ക്കുള്ളില്‍
പേര്‍ത്തും പേര്‍ത്തുമിണങ്ങി-
യുരുണ്ടു ചുരുണ്ടു കിടന്ന-
ങ്ങുല്ലാസത്തോടോരോന്നും ചൊ-
ന്നൊട്ടു കിനാവിന്‍ ലോകം കണ്ടു-
മുറക്കമൊഴിഞ്ഞങ്ങിടയിടയില്‍ തെ-
ല്ലമൃതില്‍ നീന്തി രസിച്ചു കളിച്ചെ-
ന്നമ്മ മണത്തത് തന്നെ മണത്തും,
കണ്ടതു കണ്ടും കൊണ്ടതു കൊണ്ടും
ചൊന്നതു കേട്ടും മാസം പത്തു-
മേടുത്തോരദ്വൈതത്തിന്‍ നോമ്പും
നാട മുറിച്ചാ പാരണ വീട്ടി മുടിച്ചു
ക്ഷയിച്ചൊരു പുണ്യത്തിന്‍ ഫലമായീ-
പ്പുനരാവര്‍ത്തിയിലാണ്ടിട്ടേതോ
കയ്യുറ തന്നില്‍ തല കീഴായി -
തൂങ്ങിയുറഞ്ഞ ദിവസ്സം.


ഇന്നാണത്രെ! എനിക്കുമീറന്‍-
കണ്ഠത്തില്‍ നിന്നുറച്ച രാഗം
മുറിമുറിയായിപ്പുറത്ത് വന്നും
കര്‍ണ്ണപുടങ്ങളിലൊളിച്ചു ചെന്നാ
മസ്തിഷ്ക്കങ്ങളിലലച്ചു വീണ-
ങ്ങാനന്ദത്തിന്‍ തുരുമ്പു ചേരും
തന്ത്രീവല്ലിയില്‍ വിരിഞ്ഞ പൂവാ-
യേതോ പൂജകകരം ഗ്രഹിപ്പാ-
നായിപ്പാമര തപം തപിച്ചു
തുടങ്ങിയ ദിവസം .


ഇന്നേ എന്നിലെയെന്നെക്കാണാന്‍
തെളിഞ്ഞിരുന്നൊരു കണ്ണുകള്‍ രണ്ടും
തിമിരം വന്നു കരേറി വെളിച്ചം
മറച്ചു വെച്ചീ മായക്കാഴ്ചകളൊ-
ന്നിനു പിറകേയൊന്നൊന്നായും
കൂട്ടായും വന്നെന്നെത്തന്നെ
കൂട്ടിനുകൂട്ടി പിച്ച പിടിച്ചു നടത്തി-
പ്പിന്നെ തല്ലിപ്പായിച്ചീടാനുള്ളൊരു
തക്കം പാര്‍ത്തു തുടങ്ങിയ ദിവസം


ഇന്നീ ദീര്‍ഘ സ്വപ്നക്കളി ത-
ന്നിരുപത്താറാം താളും കീറി-
ക്കാറ്റിലെറിഞ്ഞു കളഞ്ഞു കുളി-
ച്ചീ പാഴ്ക്കൂടിന്‍ കിളിവാതിലട-
ച്ചു ജപിച്ചു തളിച്ചു കിഴക്കും നോക്കി-
പ്പുതിയൊരു തേരിന്‍ മായിക
വരവും കാത്തീ പുലരിപ്പടിയില്‍
താളവുമീണവു മില്ലാതിവനി-
പ്പടുപാട്ടിന്‍ വരി മൂളിയിരിപ്പൂ!




--
സ്നേഹപൂര്‍വ്വം ,
ഹരികൃഷ്ണന്‍

1 അഭിപ്രായം:

ഉപാസന || Upasana പറഞ്ഞു...

ധ്രുവന്‍ : പദ്യകവിതകള്‍ വായിക്കാന്‍ വളരെ ഇഷ്ടമാണ്. ഇവിടെയും അങ്ങിനെതന്നെ. അമ്മയെയൊക്കെ ഓര്‍മിപ്പിച്ചു വിഷമിപ്പിച്ചു കളഞ്ഞു. ആശംസകള്‍
:-)
ഉപാസന